പാലക്കാട്: മാർച്ച് പത്തുമുതൽ 26 വരെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. 182 കേന്ദ്രങ്ങളിലായി ആകെ 38959 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ പരീക്ഷ എഴുതുന്നത്. കഴിഞ്ഞവർഷം നാൽപ്പത്തിരണ്ടായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിടത്ത് ഇത്തവണ കുട്ടികളുടെ എണ്ണം കുറവാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അധികൃതർ പറഞ്ഞു.

വേനൽ ചൂട് കണക്കിലെടുത്ത് എസ്.എസ്.എൽ.സി ഉൾപ്പെടെ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ തുടങ്ങിയ പരീക്ഷകളെല്ലാം രാവിലെയാണ് നടക്കുന്നത്. ആതിനാൽ ചോദ്യപേപ്പറുകളെല്ലാം അതാത് പരീക്ഷ കേന്ദ്രങ്ങളിൽ തന്നെയാണ് സൂക്ഷിക്കുക. പരീക്ഷയ്ക്ക് രണ്ടുദിവസം മുമ്പ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിക്കും. കാമറകൾ ഉൾപ്പെടെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോംഗ് റൂമിലാണ് ചോദ്യപേപ്പറുകൾ സൂക്ഷിക്കുക. പരീക്ഷ നടത്തിപ്പ് വിലയിരുത്തുന്നതിനായി ജില്ലയിൽ രൂപീകരിച്ച നാല് പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു. ഡി.ഡി., എ.ഇ.ഒ, ഡി.ഇ.ഒ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എന്നിവർ ഉൾപ്പെടെ ഏഴ് പേർ സ്ക്വാഡിൽ ഉണ്ടാകും. 26 വരെയും സ്ക്വാഡിന്റെ പ്രവർത്തനം തുടരും. രാവിലെയാണ് പരീക്ഷയെങ്കിലും കേന്ദ്രങ്ങളിൽ കുടിവെള്ളം, ഫാൻ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.

തിയ്യതി - ദിവസം - സമയം - വിഷയം
10- ചൊവ്വ- 9.45 മുതൽ 11.30- മലയാളം പാർട്ട് ഒന്ന്
11- ബുധൻ- 9.45 മുതൽ 11.30- മലയാളം പാർട്ട് രണ്ട്
16- തിങ്കൾ- 9.45 മുതൽ 12.30- സോഷ്യൽ സയൻസ്
17- ചൊവ്വ- 9.45 മുതൽ 12.30- ഇംഗ്ലീഷ്
18- ബുധൻ- 9.45 മുതൽ 11.30- ഹിന്ദി
19- വ്യാഴം- 9.45 മുതൽ 11.30- ബയോളജി
23- തിങ്കൾ- 9.45 മുതൽ 12.30- കണക്ക്
24- ചൊവ്വ- 9.45 മുതൽ 11.30-ഫിസിക്‌സ്
26- വ്യാഴം- 9.45 മുതൽ 11.30- കെമിസ്ട്രി