പാലക്കാട്: ജനകീയാസൂത്രണം 2020 - 21ൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് പദ്ധതി പുരോഗതിയുടെ ഭാഗമായി ഗ്രാമസഭായോഗം ചേർന്നു. 95,04,28,000 കോടി രൂപയുടെ കരട് നിർദ്ദേശങ്ങളടങ്ങിയ പദ്ധതിരേഖയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ഗ്രാമസഭയിൽ അവതരിപ്പിച്ചത്.

കാർഷിക മേഖലയായ ജില്ലയിൽ നെൽകൃഷിക്ക് പ്രാധാന്യം നൽകി സമൃദ്ധി പദ്ധതിക്കായി ഒമ്പതരക്കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കുടുംബശ്രീ സംരംഭങ്ങൾക്കായി ഒന്നരക്കോടിയും പാലിന് സബ്‌സിഡിയിനത്തിൽ ഒരു കോടിയും വകയിരുത്തി. പോത്തുണ്ടി ഡാമിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വിഹിതമായി അമ്പതുലക്ഷം രൂപ നൽകും. നാടൻ കലകളെ പരിപോഷിപ്പിക്കുന്നതിനായി സബ് ജില്ലാതലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കലാമുന്നേറ്റം പദ്ധതിക്ക് 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോൺ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കും. കൂടാതെ സിനിമ നിരൂപണത്തിലും പരിശീലനം നൽകും. ബാലവിഹാരം പാർക്ക് പദ്ധതി മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് 75 ലക്ഷം രൂപയും കൊപ്പം പഞ്ചായത്തിലെ ഉദ്ബുദ്ധ കേരളം പദ്ധതിക്കും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കലിംഗ പദ്ധതിക്കുമായി 10 ലക്ഷം വീതവും ജില്ലാ പഞ്ചായത്ത് ഫുട്‌ബാൾ ടീമിനായി 50 ലക്ഷം രൂപയും വകയിരുത്തി. വൃക്ക ട്രാൻസ്പ്ലാന്റ് ചെയ്ത രോഗികൾക്ക് മരുന്ന് വാങ്ങുന്നതിന് ഒരുകോടി രൂപ മാറ്റിവെച്ചു. ഇതിനായി സന്നദ്ധ സംഘടനകളെ ഉൾപ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള ഈ സംയുക്ത പദ്ധതിയിൽ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ യഥാക്രമം മൂന്ന്, അഞ്ച് ലക്ഷം രൂപ വീതം നീക്കിയിരുപ്പ് കരുതണം. മൾട്ടിപ്പിൾ തീയേറ്റർ/ ഡ്രാമ ഇൻസ്റ്റിറ്റിയൂട്ടിനായി അമ്പത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷൻമാർ, കൺവീനർമാർ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഫോട്ടോ (1): ജില്ലാ പഞ്ചായത്തിൽ ചേർന്ന ഗ്രാമസഭാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു