ഒറ്റപ്പാലം: തിരുവില്വാമല റൂട്ടിലും കണ്ണിയംപുറം - പനമണ്ണ റൂട്ടുകളിൽ ഇന്നുമുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ലക്കിടി - തിരുവില്വാമല റോഡിലെ കുഴികൾ നികത്തിയതോടെയാണ് സമരം മാറ്റിവെച്ചത്. കൂടാതെ കണ്ണിയംപുറം - പനമണ്ണ റോഡ് ഉടൻ അറ്റകുറ്റപ്പണിചെയ്തു നൽകാമെന്ന് നഗരസഭാധ്യക്ഷൻ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബസ് ഉടമകൾ അറിയിച്ചു.

അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ മാർച്ച് 11 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ബസുടമകൾ അറിയിച്ചു. ലക്കിടി ഗേറ്റ് വരെയുള്ള പ്രദേശത്തെ കുഴികൾ പൊതുമരാമത്ത് ഇടപ്പെട്ട് അടച്ച് താൽക്കാലിക ഗതാഗത സൗകര്യമൊരുക്കിയതോടെയാണ് ഈ പാതയിൽ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചത്. ഏകദേശം 40 ബസുകളാണ് ഈ പാതയിലൂടെ സർവീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം ഒറ്റപ്പാലം നഗരസഭയിൽ നടന്ന ചർച്ചയിലാണ് പനമണ്ണ റോഡിലെ നഗരസഭയുടെ ഭാഗം ശരിയാക്കാമെന്ന് നഗരസഭാധ്യക്ഷൻ എൻ.എം നാരായണൻ നമ്പൂതിരി അറിയിച്ചത്. റോഡ് പണിയാനുള്ള സാങ്കേതികാനുമതി ആയിട്ടുണ്ട്. മാർച്ച് ആറിന് ടെണ്ടർ വിളിച്ച് പണി തുടങ്ങും. അനങ്ങനടി പഞ്ചായത്തിന്റെ ഭാഗത്തുള്ള റോഡും താൽക്കാലികമായി അറ്റകുറ്റപ്പണി ചെയ്യാമെന്ന ഉറപ്പും ലഭിച്ചതായി ബസുടമകൾ അറിയിച്ചു. രണ്ടു പാതയിലും കഴിഞ്ഞ 18ന് ബസുടമകൾ സൂചന സമരം നടത്തിയിരുന്നു.