പാലക്കാട്: സ്വന്തമായി പ്രിന്റ് ചെയ്ത 63,900 രൂപയുടെ കള്ളനോട്ടുമായി കൊല്ലം സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. കൊട്ടിയം മൈലക്കാട് രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത്(30), ചിറക്കര കാരംകോട് ഉളിയനാട് ചെട്ടിയാൻവിള കോളനി ലിജ നിവാസിൽ ലിജ(25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം നിന്നും 500 രൂപയുടെ 117 കള്ളനോട്ടുകളും 200 രൂപയുടെ 27 കള്ളനോട്ടുകളും പിടിച്ചെടുത്തു.
സ്വന്തമായി പ്രിന്റ് ചെയ്ത കള്ളനോട്ടുകളുമായി ഇവർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് ചെറിയ കടകളിൽ നിന്നും ചില്ലറ സാധനങ്ങൾ വാങ്ങി മാറ്റിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മങ്കരയിലെ ഒരു ബേക്കറിയിൽ നിന്നും സാധനം വാങ്ങി 500 രൂപ നൽകി മടങ്ങിയെങ്കിലും കടയുടമ സംശയംതോന്നി പിന്തുടർന്നു. ഇതിനിടെ തേനൂരിലെ കടയിൽ കയറിയ ഇവരെ അവിടെ തടഞ്ഞുവെച്ചാണ് പൊലീസിൽ അറിയിച്ചത്.
ഉടനടി മങ്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവരുടെ കൈവശമുണ്ടായിരുന്ന കള്ളനോട്ടുകൾ കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു. ലിജയുടെ അച്ഛൻ തിരുവില്വാമല കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് കയർ വിൽപ്പന നടത്തിവരികയാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ഇവർ പാലക്കാട്ടെത്തിയതെന്ന് കരുതുന്നു.
മങ്കര എസ്.ഐ എം.കെ.പ്രകാശൻ, അഡീഷണൽ എസ്.ഐ വേണഗോപാൽ, എ.എസ്.ഐ.മാരായ സോമൻ, വിവേകാനന്ദൻ, എസ്.സി.പി.ഒ സലീനബാനു, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും തുടരന്വേഷണം നടത്തുന്നതും.