കൊല്ലങ്കോട്: സംസ്ഥാനത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയും പി.എച്ച്.സികളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചും നമ്മുടെ നാട് മാതൃകയാമ്പോൾ ഡോക്ടറില്ലാത്തതിനാൽ ചികിത്സകിട്ടാതെ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ് പുതുനഗരത്തെ ജനങ്ങൾ.
ആശുപത്രിയിൽ സ്ഥിരം ഡോക്ടറുണ്ടായിട്ടും എല്ലാ ദിവസവും ഇവരുടെ സേവനം ലഭ്യമല്ലെന്നാണ് വ്യാപക പരാതി. ഇതിനാൽ പലദിവസങ്ങളിൽ ഉൾപ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന രോഗികൾ ചികിത്സകിട്ടാതെ മടങ്ങിപോകേണ്ട സ്ഥിതിയാണ്. കുറച്ച് നാളുകൾക്ക് മുമ്പ് ക്യാമ്പ് ദിവസത്തിൽ ഉച്ചവരെ കാത്തിരുന്നിട്ടും ഡോക്ടറെ വരാത്തതിനാൽ നാട്ടുകാരും രോഗികളും ഡി.എം.ഒയെ വിഷയം അറിയിച്ചു. തുടർന്ന് കൊടുവായൂർ കമ്മ്യൂണിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും താത്കാലികമായി ഒരു ഡോക്ടറുടെ സേവനം ഡി.എം.ഒ ഉറപ്പാക്കുകയായിരുന്നു. 150 ഓളം രോഗികളുടെ പരിശോധനയാണ് അന്നുമാത്രം നടന്നത്. എല്ലാ ചൊവ്വാഴ്ചയും ജീവിത ശൈലി രോഗങ്ങളുടെ പരിചരണ ക്യാമ്പ് നടക്കാറുണ്ട്. ഈ ദിവസങ്ങളിൽ ഇത് പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസവും ക്യാമ്പിന് ഡോക്ടർ എത്താതിരുന്നതോടെയാണ് രോഗികൾ പ്രതിഷേധവുമായി രംഗത്തുവന്നത്. ആശുപത്രിയിൽ ഡോക്ടർ അവധിയെടുക്കുന്ന ദിവസങ്ങളിൽ മറ്റൊരു ഡോക്ടറുടെ സേവനം ഉറപ്പാക്കുകയോ ഒരു ഡോക്ടറുടെ തസ്തിക സൃഷ്ടിക്കുകയോ ചെയ്യണം. രാവിലെ ഒമ്പത് മുതൽ ഒന്നുവരെയും ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെയും കുറഞ്ഞത് രണ്ടു ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നുമാണ് രോഗികളുടെ പ്രധാനാവശ്യം.
മരുന്ന് പുറത്തുനിന്ന് വാങ്ങണം
ഡോക്ടറുടെ കുറിപ്പിൽ എഴുതുന്ന മരുന്നുകൾ മിക്കതും പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങേണ്ട ആവസ്ഥയാണ്. വേനൽ കടുത്തതോടെ രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയേറയായതിനാൽ ഡോക്ടറുടെ സേവനവും ഉറപ്പാക്കുന്നതോടൊപ്പം ആശുപത്രി ഫാർമസിയിൽ മതിയായ മരുന്നുകൾ ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.