ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് ചാർജ്ജ് രണ്ടുരൂപയിൽ നിന്ന് അഞ്ചുരൂപയാക്കി വർധിപ്പിച്ചു. അത്യാഹിത വിഭാഗത്തിലെ ഒ.പി ടിക്കറ്റ് ചാർജ്ജ് അഞ്ചുരൂപയിൽ നിന്ന് പത്ത് രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ചാർജ്ജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. മാർച്ച് ഒന്നുമുതൽ പുതുക്കിയ ചാർജ്ജ് പ്രബല്യത്തിൽ വരും. മൂന്ന് മാസത്തെ കാലാവധിയാണ് ഒ.പി ടിക്കറ്റിന് ഉണ്ടാവുക. ഒ.പി ബില്ലിങ് പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യാനും യോഗത്തിൽ തീരുമാനമായി.
താലൂക്ക് ആശുപത്രിയിൽ എൻഡോസ്‌കോപ്പി, കോളോണോസ്‌കോപ്പി, ബ്രോങ്കോസ്‌കോപ്പി തുടങ്ങിയ സാങ്കേതിക ചികിത്സ സംവിധാനങ്ങൾ തുടങ്ങാനും തീരുമാനമായി. എൻഡോസ്‌കോപ്പി, കോളോണോസ്‌കോപ്പി, ബ്രോങ്കോസ്‌കോപ്പി എന്നിവയുപയോഗിച്ചുള്ള ചികിത്സക്ക് 300 രൂപയീടാക്കാനും സോറിയാസിസ് പരിശോധനക്കുള്ള സാങ്കേതിക സംവിധാനമുപയോഗിക്കുന്നതിന് 250 രൂപയീടാക്കാനും തീരുമാനിച്ചു. ഡയാലിസിസ് യൂണിറ്റിലേക്ക് ഒരു ഡോക്ടറെ കൂടി നിയമിക്കും. 10 വർഷത്തിലേറെയായി ഒ.പി ടിക്കറ്റ് ചാർജ്ജ് മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ പല ആശുപത്രി ചെലവുകൾക്കും എച്ച്.എം.സിയുടെ പക്കൽ പണമില്ലാത്ത സ്ഥിതിവന്നതോടെയാണ് ചാർജ്ജ് കൂട്ടാൻ തീരുമാനിച്ചത്.
യോഗത്തിൽ പി.ഉണ്ണി എം.എൽ.എ അധ്യക്ഷനായി. ഒറ്റപ്പാലം നഗരസഭാധ്യക്ഷൻ എൻ.എം നാരായണൻ നമ്പൂതിരി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ, ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ കെ.ബി ശശികുമാർ,ഡോ.മനോജ്, കൗൺസിലർമാരായ ടി.പി പ്രദീപ് കുമാർ, പി.എം.എ ജലീൽ എന്നിവർ സംസാരിച്ചു.