ചെർപ്പുളശ്ശേരി: ലക്ഷങ്ങൾ വിലമതിക്കുന്ന നക്ഷത്ര ആമയുമായി മൂന്നുപേർ ചെർപ്പുളശ്ശേരി പൊലീസിന്റെ പിടിയിൽ. പാലക്കാട് എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരന്റെ നിർദ്ദേശപ്രകാരം പരിശോധനയ്ക്കിടെ കാറൽമണ്ണ നടുവട്ടത്തുനിന്നുമാണ് കാറിൽ ആമയുമായി വന്ന സംഘം പൊലീസ് പിടിയിലായത്.

മലപ്പുറം വണ്ടൂർ പള്ളിവളപ്പിൽ അജ്മൽ ഫർവി (22), വണ്ടൂർ കോട്ടുമ്മൽ ഹൗസിൽ മുഹമ്മദ് സൽമാൻ (23), തിരൂർ പൊൻമുണ്ടം പാലക്കപറമ്പിൽ മൂസക്കുട്ടി (54) എന്നിവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിക്ക് മോഹവിലയായ രണ്ടുകോടി രൂപയ്ക്ക് കൈമാറാൻ കൊണ്ടുവന്നതാണ് ആമയെന്നാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം. ഏകദേശം ഒന്നരക്കലോയോളം ഭാരമുണ്ട് നക്ഷത്ര ആമക്ക്.

വനം വന്യജീവി സംരക്ഷണ നിയമപ്രകാരം നക്ഷത്ര ആമയെ കൈവശം വക്കുന്നത് കുറ്റകരമാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് നക്ഷത്ര ആമ. ആമയെയും പ്രതികളെയും പൊലീസ് വനം വകുപ്പിന് കൈമാറി.
സാധാരണ 10 ലക്ഷം രൂപവരെ വിലമതിക്കുന്ന നക്ഷത്ര ആമയെ മോഹവില കൊടുത്ത് സ്വന്തമാക്കാൻ ആളുകൾ തയ്യാറാവുന്നതിനാൽ അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾവരെ വില ലഭിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
സി.ഐ പി.വി.രമേഷ്, എസ്.ഐമാരായ റോയ് വർഗീസ്, സി.ടി.ബാബുരാജ്, സി.പി.ഒ.മാരായ മുരളീധരൻ, അനിൽകുമാർ, ഷനിൽ എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ പിടികൂടിയത്.

ഫോട്ടോ: പിടികൂടിയ നക്ഷത്ര ആമ