ചിറ്റൂർ: രണ്ടു പതിറ്റാണ്ടായി എരുത്തേമ്പതി പഞ്ചായത്തിന് അന്യമായ പരുത്തിയുടെ വിളവെടുപ്പ് ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ മേഖലയിലെ ഭൂരിപക്ഷം കൃഷിയിടങ്ങളിലും പരുത്തിച്ചെടികൾ പൂത്തുലഞ്ഞുനില്ക്കുന്ന കാഴ്ചകൾ പതിവായിരുന്നു. വരൾച്ചയും ജലക്ഷാമവും രൂക്ഷമായതോടെ പരമ്പരാഗതമായ പല കൃഷിയും ഉപേക്ഷിച്ച കൂട്ടത്തിൽ പരുത്തിയും ഉൾപ്പെട്ടു. ഈ കഴിഞ്ഞ വർഷങ്ങളിൽ നല്ല തോതിൽ ലഭിച്ച മഴയും പറമ്പിക്കുളം ആളിയാർ പദ്ധതി യിൽ നിന്ന് ലഭ്യമായ ജലവും വർഷങ്ങളായി അന്യം നിന്നുപോയ കൃഷികൾ തിരിച്ചു കൊണ്ടുവരാൻ സഹായകമായി. അക്കൂട്ടത്തിൽ എരുത്തേമ്പതി പഞ്ചായത്തിലെ പത്താം നമ്പർ കളം മുത്തുകുമാരസ്വാമി കൗണ്ടറുടെ പറമ്പിലാണ് ഇപ്പോൾ പരുത്തി കൃഷി വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്.

അങ്കൂർ ബി.ജി 2 എന്ന ഇനം പരുത്തിയാണ് കൃഷി ചെയ്തിരിക്കുന്നത്. ഒരേക്കർ കൃഷി ചെയ്യുന്നതിന് 200 ഗ്രാം വിത്താണ് ആവശ്യമുള്ളത്. പൊള്ളാച്ചി മാർക്കറ്റിൽ നിന്നാണ് വിത്ത് വാങ്ങുന്നത്. 200 ഗ്രാം വിത്തിന് 860 രൂപ വിലയുണ്ട്. പരുത്തിനടുന്നതിന് രണ്ടു ചെടികൾ തമ്മിൽ രണ്ടര അടിയുടെ അകലം വേണം. 130 ദിവസം കഴിയുമ്പോൾ വിളവെടുപ്പ് ആരംഭിക്കും. ഇപ്പോൾ ഒരു കി.ഗ്രാം പരുത്തിക്ക് 70 രൂപ വിലയുണ്ട്. തമിഴ്‌നാട്ടിലെ അവിനാശി, രാജപാളയം, അന്തിയൂർ, നന്തിയൂർ, സേവൂർ ,തിരുപ്പൂർ സൊസൈറ്റി എന്നിവിടങ്ങളിലെ മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്. ഒരേക്കറിൽ 1200 മുതൽ 1800 കി.ഗ്രാം വരെ വിളവ് ലഭിക്കും. ശാസ്ത്രീയമായ രീതിയിൽ കൃഷി ഇറക്കാനും പരിപാലിക്കാനും എരുത്തേ മപതി കൃഷി അസി. അബ്ദുൾ ഖാദറിന്റെ മാർഗനിർദ്ദേശവും ഇടപെടലും ഗുണംചെയ്തു. ഇത് നല്ല വിളവ് ലഭ്യമാക്കാൻ സഹായിച്ചെന്ന് കർഷകനായ മുത്തുകുമാരസ്വാമി പറഞ്ഞു.