arrest
പ്രതി പ്രഭാകരൻ.

ചെർപ്പുളശ്ശേരി: 26-ാം മൈൽ കരുമാനാംകുറുശ്ശി മുട്ടിയംകുന്നത്ത് വീട്ടിൽ പങ്കജാക്ഷി (67) സഹോദരന്റെ വെട്ടേറ്റ് മരിച്ചു. സംഭവത്തിനു ശേഷം സഹോദരൻ പ്രഭാകരൻ (45) കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാവിലെ 8.30നാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അവിവാഹിതരായ പങ്കജാക്ഷിയും ഇളയ സഹോദരി കമലാക്ഷിയും ഒരുമിച്ചാണ് കഴിയുന്നത്. തൊട്ടടുത്താണ് പ്രഭാകരൻ താമസിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് കമലാക്ഷി ജോലിക്ക് പോയിരുന്നു. പങ്കജാക്ഷി വീടിനുപുറത്ത് വസ്ത്രം അലക്കികൊണ്ടിരിക്കെ പ്രഭാകരൻ കത്തികൊണ്ട് പിറകിൽ നിന്ന് വെട്ടി. നിലത്തുവീണ പങ്കജാക്ഷി എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വേലിക്കരികിൽ വച്ച് വീണ്ടും വെട്ടിവീഴ്ത്തി. പത്തിലധികം വെട്ടുകൾ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പങ്കജാക്ഷിയോട് പ്രഭാകരൻ പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ഭാര്യയുമായി അടുപ്പമില്ലാതിരുന്ന പ്രഭാകരൻ ഒറ്റയ്ക്കായിരുന്നു താമസം.

ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.