തണ്ണിത്തോട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു.കുടിയേറ്റ കർഷകരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.തണ്ണിത്തോട്, തേക്കുതോട്, താഴെ പൂച്ചക്കുളം, കരുമാൻതോട്,തൂമ്പാക്കുളം,ഏഴാന്തല,മണ്ണീറ, മുർത്തിമൺ,മേടപ്പാറ,കൂത്താട്ടമൺ,എലി മുള്ളംപ്ലാക്കൽ എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം ഏറെയും. രാത്രിയിൽ കൃഷിയിടങ്ങളിൽ ഒറ്റയ്ക്കും,കൂട്ടമായുമിറക്കുന്ന ഇവ റബർ ,മരച്ചീനി,വാഴ,ചേമ്പ്,ചേന,തെങ്ങ്,കോലിഞ്ചി,കൊക്കോ, കവുങ്ങ് തുടങ്ങിയ കാർഷീക വിളകളെല്ലാം നശിപ്പിക്കുന്നുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ജീവിതോപാധിയായ കാർഷിക മേഖലയിൽ ഇത് വലിയ നാശനഷ്ടമാണ് വരുത്തുന്നത്.

വീടുകൾക്കും നാശനഷ്ടം

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിൽ താഴെ പൂച്ചക്കുളത്ത് ആൾ താമസമില്ലാത്ത നാല് വീടുകൾ കാട്ടാന നശിപ്പിച്ചു. സന്ധ്യയോടെ കാട്ടാനയിറങ്ങി വീടുകൾ തകർക്കുന്നതറിഞ്ഞ് മറുകരയിലുള്ളവർ ശബ്ദ്ധമുണ്ടാക്കി ഒറ്റയാനെ ഓടിക്കുകയായിരുന്നു.എന്നാൽ നാട്ടുകാർ മടങ്ങിയതോടെ വീണ്ടും രാത്രിയിൽ തിരികെയെത്തി നാശം വരുത്തി.തുടർന്ന് കൃഷിയിടങ്ങളിലെ കാർഷിക വിളകളും നശിപ്പിച്ചു. മുൻപ് എലി മുള്ളം പ്ലാക്കലിലും കാട്ടാന വീടുകൾ നശിപ്പിച്ചിരുന്നു.കൃഷിയിടങ്ങളിൽ രാത്രിയിലെത്തുന്ന കാട്ടാനകൾ നേരം പുലർന്നെ മടങ്ങാറുള്ളൂ ഇതുമൂലം രാവിലത്തെ റബർ ടാപ്പിഗും പ്രതിസന്ധിയിലാണ്.

സൗരോർജ വേലികൾ പ്രവർത്തന രഹിതം

വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ വേലികൾ അറ്റകുറ്റപണികൾ നടത്താതെ പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി. ഇവ പുനർനിർമ്മിക്കുന്നതിനൊ തകരാർ പരിഹരിക്കുന്നതിനോ വനം വകുപ്പ് ശ്രമിക്കുന്നില്ലതാണ് നാട്ടുകാരുടെ ആരോപണം. മിക്കയിടത്തും വനം വകുപ്പ് സ്ഥാപിച്ച സൗരോജവേലികൾ കാട്ടാന നശിപ്പിച്ചു.മേടപ്പാറയിലും,മേക്കണ്ടത്തും,കൂത്താടിമണ്ണിലും വീടുകൾക്ക് സമീപം വരെ കാട്ടാനയെത്തുന്നു.തണ്ണിത്തോട് മുഴി മുതൽ അഞ്ചുകുഴി വരെ 5 കിലോമീറ്റർ ദൂരത്തിൽ ഇട്ട സൗരോർജ വേലികളുടെ തൂണുകൾ ചവിട്ടി ചായ്ച്ചാണ് കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങുന്നത്.പ്ലാവുകളിലെ ചക്ക തേടിയാണിപ്പോൾ കാട്ടാനകൾ കൂടുതലായി കൃഷിയിടങ്ങളിലെത്തുന്നത്.ചെറിയ തെങ്ങുകൾ തള്ളി മറിച്ചിട്ടാണ് ഓലയും മറ്റും ഭക്ഷിക്കുന്നത്. തെങ്ങുകൾ മറിച്ചിടാതിരിക്കാൻ കർഷകർ തടിയിൽ മുള്ളുവേലി കൊണ്ട് പൊതിഞ്ഞു കെട്ടിയിട്ടും പ്രയോജനമില്ല.കോന്നി ​തണ്ണിത്തോട് റൂട്ടിലെ എലിമുള്ളം പ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള ഭാഗങ്ങൾ ആനത്താരകളാണ്.കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ റോഡ് മുറിച്ച് കടക്കുന്നതിവിടെ പതിവാണ്.

-സൗരോർജ വേലികൾ പ്രയോജനം ചെയ്യുന്നില്ല

-റബർ ടാപ്പിംഗും പ്രതിസന്ധിയിൽ