കോഴഞ്ചേരി : തിരക്കേറിയ ജംഗ്ഷനാണ് കുമ്പനാട് . പക്ഷേ പത്തനംതിട്ട റൂട്ടിൽ കാത്തിരിപ്പ് കേന്ദ്രമില്ല. കത്തുന്ന വെയിലിലാണ് ജനങ്ങൾ ബസ് കാത്തുനിൽക്കുന്നത്. നടപ്പാതയോട് ചേർന്നാണ് കടകൾ. അതിനാൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സ്ഥലമില്ല. തിരുവല്ലാ ഭാഗത്തേക്ക് മാത്രം ഒരു കാത്തിരിപ്പ് കേന്ദ്രമുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവാസികളും ബാങ്കുകളും എ.ടി.എമ്മുകളും ഉള്ള സ്ഥലമാണ് കുമ്പനാട്. ധാരാളം സർക്കാർ സ്ഥാപനങ്ങളും ഇവിടെയുണ്ട്.തിരക്കേറെയാണ്. പുല്ലാട്, വെണ്ണിക്കുളം, പുറമറ്റം ഭാഗത്ത് നിന്നുള്ള വിരമിച്ച ജീവനക്കാരേറെയും കുമ്പനാട് ട്രഷറിയിൽ വന്നാണ് പെൻഷൻ വാങ്ങുന്നത്. ഇവരിൽ ഭൂരിഭാഗവും ബസിലാണ് യാത്ര ചെയ്യുക.

----------------

അനധികൃത പാർക്കിംഗും ദുരിതം

അനധികൃത പാർക്കിംഗും പ്രശ്നമാണ്. ബസ് കാത്തുനിൽക്കുന്നവരെയാണ് ഇത് ഏറെ വലയ്ക്കുന്നത്. റോഡിൽ തോന്നിയിടത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ബസ് നിറുത്തുന്നതിന് കൃത്യമായ സ്ഥലമില്ല. ബസ് നിറുത്തുന്നിടത്ത് വാഹനമുണ്ടെങ്കിൽ കുറച്ചുമാറിയേ നിറുത്തു. അല്ലെങ്കിൽ റോഡിന് നടുക്കായി നിറുത്തും. പിന്നെയവിടെ ഗതാഗത ക്കുരുക്കുമാകും. ബസ് സ്റ്റോപ്പ് ബോർഡുപോലും ഇവിടില്ല.

-------------------------

മുമ്പ് ബസിലായിരുന്നു കുമ്പനാട് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയിരുന്നത്. തിരിച്ച് നടന്നെത്തുമ്പോൾ കയറിനിൽക്കാൻ ഒരു സ്ഥലവും ഇല്ല. കടക്കാരിൽ ചിലർ കയറി നിന്നോളാൻ പറയുമെങ്കിലും ചിലർ സമ്മതിക്കില്ല. ഒരു തവണ തലകറങ്ങിവീണു. അതിൽപ്പിന്നെ ഓട്ടോയിലായി യാത്ര. 11 മണി കഴിഞ്ഞാൽ അവിടെ നിൽക്കാൻ പറ്റാത്ത ചൂടാണ്.

ജാനകി സുന്ദരം

(റിട്ട.അദ്ധ്യാപിക)