പത്തനംതിട്ട : വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതും ഡ്രൈവ് ചെയ്യുന്നതും കമ്പമുള്ള നിരവധി ചെറുപ്പാക്കർ നമ്മുടെ ഇടയിലുണ്ട്. എന്നാൽ ഇഷ്ടമുള്ള വാഹനങ്ങൾ സ്വന്തമായി നിർമിക്കാൻ അപൂർവം ചിലർക്കെ കഴിയൂ. ഇത്തരത്തിൽ ഒരാളാണ് കുമ്പളാംപൊയ്ക കണ്ടത്തിങ്കൽ തടത്തിൽ പൊടിമോൻ - ഗീത ദമ്പതികളുടെ മകൻ അഭിലാഷ്. ഇൗ യുവാവിന്റെ വീട്ടിൽ നിറയെ കളിപ്പാട്ടങ്ങളാണ്. അതും ഒറിജിനലിനെ വെല്ലുന്ന ഒരടി നീളമുള്ള വാഹനങ്ങൾ. വോൾവോ ബസുകൾ മുതൽ ജെ.സി.ബിയും സൈക്കിളും വരെ ഇവിടെയുണ്ട്. കൊത്തുപണികൾ ചെയ്യുന്ന അഭിലാഷിന് മെക്കാനിക്കും ജെ.സി.ബി ഓപ്പറേറ്റിംഗും പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് നടന്നില്ല. . രണ്ട് വർഷമേ ആയുള്ളു തടിയിൽ വാഹന നിർമാണം തുടങ്ങിയിട്ട്. കൗതുകമായി തുടങ്ങിയ പ്രവൃത്തി ഇപ്പോൾ വരുമാന മാർഗമായി മാറിയിരിക്കുകയാണ്. ട്രെയിനിന്റെയും വിമാനത്തിന്റെയും മാതൃകകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് അഭിലാഷ് പറഞ്ഞു.
തടിയിൽ പിറക്കുന്ന വാഹനങ്ങൾ
വാഹനങ്ങളുടെ മാതൃകയും എൻജിൻ വരെയും തടിയിൽ നിർമ്മിക്കും. ഇതിൽ പെട്രോൾ ഒഴിച്ച് പ്രവർത്തിപ്പിക്കാനും സാധിക്കും. ഒഴിവ് സമയമാണ് കളിപ്പാട്ട നിർമ്മാണത്തിന് ചെലവഴിക്കുന്നത്. പണി കഴിഞ്ഞു വന്നാൽ രാത്രി 7 മുതൽ പുലർച്ചെ 2വരെ കളിപ്പാട്ടങ്ങളുടെ ലോകത്താണ്. വിദേശത്ത് നിന്ന് ഇപ്പോൾ നിരവധി ആവശ്യക്കാർ വിളിക്കാറുണ്ട്. തടിയ്ക്ക് പുറമേ മൾട്ടി വുഡ്, പശ, സ്ക്രൂ എന്നിവയാണ് മറ്റു നിർമ്മാണ സാമഗ്രികൾ.