പത്തനംതിട്ട : ജില്ലയിൽ പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇപ്പോഴും സർവവും പ്ളാസ്റ്റിക്ക് മയത്തിലാണ്. ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല. സൂപ്പർ മാർക്കറ്റുകളിലടക്കം വിപണികളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പുറത്താക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കടകളിൽ ചെല്ലുമ്പോൾ നിരവധി നിർദേശങ്ങളാണ് വ്യാപാരികൾ മുമ്പോട്ട് വയ്ക്കുന്നത്. ചെറുകിട വ്യാപാരികൾ പേപ്പർ, തുണി എന്നിവ കൊണ്ടുള്ള കവർ ഉപയോഗിക്കുന്നുണ്ട്. ഇതിന് രണ്ട് മുതൽ അഞ്ച് രൂപ വരെയാണ് ഈടാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഇപ്പോഴും ജില്ലയിൽ സുലഭമാണ്.
പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടേയും നേതൃത്വത്തിൽ തുമ്പമൺ, കുളനട, തിരുവല്ല, അടൂർ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് പ്ലാസ്റ്റിക് പരിശോധന നടന്നിട്ടുള്ളത്. ഇവിടങ്ങളിലൊന്നും പിഴ ഈടാക്കിയിട്ടുമില്ല.
നിരോധനം വന്നിട്ട് ഒരുമാസം
ജനുവരി ഒന്നുമുതലാണ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്. ആദ്യ പതിനഞ്ച് ദിവസം പിഴ ഈടാക്കൽ നടപടിയുണ്ടാകില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ നിയമം നിലവിൽ വന്ന് ഒരു മാസം ആയിട്ടും പരിശോധനയോ പിഴ ഈടാക്കലോ നടന്നിട്ടില്ല. ബോധവൽക്കരണ ക്ലാസുകൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ടെങ്കിലും പ്രഹസനമാണെന്ന് ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.
53 പഞ്ചായത്തിൽ ആറ് പഞ്ചായത്തുകൾ മാത്രമാണ് പരിശോധന നടന്നത്. നാല് മുനിസിപ്പാലിറ്റിയിൽ രണ്ട് മുനിസിപ്പാലിറ്റിയും പരിശോധന നടത്തിയിട്ടുണ്ട്.
പത്തനംതിട്ട മുനിസിപ്പാലിറ്റി മൗനത്തിൽ
തിരുവല്ല, അടൂർ മുനിസിപ്പാലിറ്റികളിൽ പ്ലാസ്റ്റിക് പരിശോധന നടക്കുമ്പോഴും പത്തനംതിട്ട മുനിസിപ്പാലിറ്റി ഇതൊന്നും അറിഞ്ഞ മട്ടില്ല. മാലിന്യ പ്രശ്നത്തിൽ മുങ്ങിയ നഗരസഭ പ്ലാസ്റ്റിക് നിരോധനത്തിൽ ഒരു നടപടിയും എടുത്തിട്ടില്ല. പുതിയതായി പ്ലാസ്റ്റിക് ഷ്രഡിംഗ് സ്ഥാപിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇവിടെ ഒരു പരിശോധനയും ഇതുവരെ നടന്നിട്ടില്ല.
"വൻകിട വ്യാപാര സ്ഥാപനങ്ങളിലാണ് ആദ്യം പരിശോധന നടത്തുക. ഇതുവരെ പരിശോധനയിൽ പിഴയൊന്നും ചുമത്തിയിട്ടില്ല. കൃത്യമായ ധാരണ ഇല്ലാത്തതാണ് പ്രശ്നം. വ്യാപാരികൾ നിരവധി നിർദേശം വയ്ക്കുന്നുണ്ട്. കുറച്ച് ദിവസത്തിനുള്ളിൽ പരിശോധന കർശനമാക്കാൻ ശ്രമിക്കുന്നുണ്ട്. "
മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ