ഇളമണ്ണൂർ: വിധിയെ പഴിച്ച് ജീവിക്കുകയല്ല ഷാജി.മറിച്ച് മറ്റുള്ളവരുടെ മുന്നിൽ ജീവിച്ച് കാണിക്കുകയാണ് ഈ ഭിന്നശേഷിക്കാരൻ. കേരളക്കരയാകെ പ്ലാസ്റ്റിക് നിരോധനം ചർച്ചയായി കൊണ്ടിരിക്കുന്ന ഈ സമയത്ത് ശയ്യാവസ്ഥയിലും പ്ലാസ്റ്റിക്കിനെതിരെ സധൈര്യം പോരാടുന്ന ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കര ഇടപ്പുരയിൽ വീട്ടിൽ ഷാജിയാണ് (48) വ്യത്യസ്ഥനാകുന്നത്.പ്ലാസ്റ്റിക് പേനകൾക്ക് പകരം പ്രകൃതിക്ക് കോട്ടംതട്ടാതെയുള്ള പേപ്പർ വിത്ത് പേന നിർമ്മിച്ച് പ്ലാസ്റ്റിക്കിനെതിരെ പോരാടുകയാണ് ഇദ്ദേഹം.
പേനയുടെ നിർമ്മാണം ഇങ്ങനെ....
ക്രാഫ്റ്റ് പേപ്പർ ഉപയോഗിച്ച് നിർമ്മിക്കുന്ന പേനകളിൽ നിർമ്മാണ സമയത്ത് പലതരം പച്ചക്കറി വിത്തുകൾ കൂടി നിക്ഷേപിക്കും. ഉപയോഗം കഴിഞ്ഞ് റീഫിൽ ഊരി മാറ്റി പേനകൾ മണ്ണിലേക്ക് എറിഞ്ഞ് കഴിഞ്ഞാൽ നിക്ഷേപിക്കപ്പെട്ട ചീര, വഴുതന, പച്ചമുളക്, എന്നിവ ചെടിയായി വളരും.നന്നായി പരിപാലിച്ചാൽ നല്ല വിളവെടുക്കാനും ആകും.
വിധിയെ നേരിട്ടത് ഇച്ഛാശക്തികൊണ്ട്
ഗുജറാത്തിൽ വെൽഡിംഗ് ജോലി നോക്കവെ 2000 ത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലാണ് ഷാജി.പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരസഹായം വേണം.നാട്ടിലെത്തി പലവിധ ചികിത്സകൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.എന്നാൽ വിധിയെ തന്റെ ഇച്ചാശക്തി കൊണ്ട് അദ്ദേഹം നേരിടുകയായിരുന്നു.
ഭിന്നശേഷിക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗം
ശയ്യാവസ്ഥയിൽ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്ക് ഗ്രൂപ്പിലും അംഗമായി.ഇതിൽ നിന്നും മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പേപ്പർ വിത്ത് പേനയുടെ നിർമ്മാണത്തിന് തീരുമാനിക്കുന്നത്.പാലക്കാടുള്ള സുഹൃത്താണ് പേപ്പർ അയച്ച് കൊടുക്കുന്നത് നിർമ്മാണത്തിനുള്ള മറ്റ് സാമഗ്രികൾ ചേട്ടന്റെ മക്കൾ വാങ്ങി നൽകും.അമ്മയായ ഗൗരിയും സഹായത്തിനുണ്ട്. 6രൂപ മുതൽ 8രൂപ വരെയാണ് പേനയുടെ വില.ഇതുവരെ മൂവായിരത്തോളം പേനകൾ വിറ്റ് കഴിഞ്ഞു. പലയിടങ്ങളിൽ നിന്നായി നിരവധി ആളുകൾ അറിഞ്ഞും കേട്ടും എത്തുന്നുണ്ട്.
ഷാജിയുടെ ഫോൺ : 9605585257
പേപ്പർ വിത്ത് പേന-
വില 6 രൂപ മുതൽ 8 വരെ
-3000 പേനകൾ വിറ്റു