കോന്നി: വിവരസാങ്കേതികവിദ്യയിലെ നല്ലതും മോശവുമായ വശങ്ങൾ തിരിച്ചറിയാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ൻ അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. വിദ്യാർത്ഥികളും സൈബർ കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ കേരളകൗമുദിയും കേരള പൊലീസും ചേർന്ന് കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മാനസിക സംഘർഷളാണ് മനുഷ്യനെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ചേർന്ന് ഇതിനെതിരെ പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണന്നും ഇത് പരിഹരിക്കാനുള്ള മാനസിക പക്വത വിദ്യാർത്ഥികൾ കൈവരിക്കണമെന്നും ക്ലാസെടുത്ത ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുബിക് റഹീം പറഞ്ഞു. പരിശ്രമമുണ്ടങ്കിൽ ലക്ഷ്യം ഉറപ്പായും നേടാം. സമൂഹത്തിലെ ചതിക്കുഴികൾ തിരിച്ചറിയാൻ കഴിയുന്ന വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ മാതൃകയായി വളർന്നുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വി.അജിത്ത് അദ്ധ്യഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൻ മുഖ്യപ്രഭാഷണം നടത്തി. സർക്കുലേഷൻ എക്‌സിക്യൂട്ടിവ് അനിൽ കൂടൽ പദ്ധതി വിശദീകരിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് രാധികറാണി, സ്റ്റാഫ് സെക്രട്ടറി ജയശ്രീ തുടങ്ങി യവർ സംസാരിച്ചു.