01-enathu-despensary
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏനാത്ത് ഇ എസ് ഐ ഡിസ്പൻസറി

ഏനാത്ത് :ഏനാത്ത് ഇ.എസ്.ഐ ഡിസ്പൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ തറക്കല്ലിട്ടിട്ട് പത്തുവർഷം കഴിയുമ്പോഴും കെട്ടിടനിർമ്മാണം ഫയലുകളിൽ ഇഴയുന്നു.സ്വന്തമായി സ്ഥലമുള്ള ഇ.എസ്.ഐ ഡിസ്പൻസറിക്ക് കെട്ടിടം നിർമ്മിക്കാൻ ഇ.എസ്.ഐ കോർപ്പറേഷന് ഫണ്ടനുവദിക്കാൻ കഴിയും.പതിനായിരത്തോളം തൊഴിലാളികൾക്ക് ആശ്രയമാകേണ്ട ഏനാത്ത് ഇ.എസ്.ഐ ഡിസ്പൻസറിക്ക് കെട്ടിടം നിർമ്മിക്കാൻ പത്തുവർഷം മുൻപാണ് ഏഴംകുളം പഞ്ചായത്ത് 20 സെന്റ് സ്ഥലം പഴയ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നൽകിയത്. ഉടൻ കെട്ടിടം നിർമ്മാണം നടക്കുമെന്ന് അറിയിച്ച് തറക്കല്ലിടീലും നടന്നു.പിന്നീട് തുടർനടപടികൾ ഉണ്ടായില്ല.

കാടുകയറി, ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം

നിർമ്മാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിന് മറുപടി പറയാൻ കോർപ്പറേഷൻ അധികൃതർക്ക് കഴിയുന്നില്ല. കല്ലിട്ടസ്ഥലം പിന്നീട് കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.2017ൽ കെട്ടിടം നിർമ്മിക്കാൻ വീണ്ടും നടപടികളുമായി കോർപറേഷൻ മുന്നോട്ടുവന്നു.സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും നോക്കിയപ്പോൾ കോർപ്പറേഷന് വിട്ടുനൽകിയ സ്ഥലത്തിന്റെ ഒരുഭാഗത്ത് പഞ്ചായത്ത് അങ്കണവാടിയും കിഴക്കുഭാഗം സ്വകാര്യവ്യക്തികൾ വഴിയായും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ വീണ്ടും കെട്ടിടനിർമ്മാണം തുലാസിലായി.സ്ഥലത്ത് കൈയേറ്റം കാണുന്നുവെന്നും അളന്ന് തിട്ടപ്പെടുത്തിത്തരണമെന്നും കാട്ടി ഇ.എസ്.ഐ കോർപറേഷൻ അടൂർ തഹസിൽദാർക്ക് കത്ത് നൽകി.ഏതാനും മാസം മുൻപ് കോർപറേഷന് നൽകിയ സ്ഥലത്താണ് അങ്കണവാടിയും വഴിയുമുള്ളതെന്ന് സ്ഥിരീകരിച്ച് അടൂർ താലൂക്ക് ഓഫീസിൽ നിന്നും കോർപ്പറേഷന് കത്ത്നൽകി.മറ്റ് നടപടികൾ എന്ത് ചെയ്യണമെന്ന് കോർപ്പറേഷൻ തീരുമാനിച്ച് പറയാനും താലൂക്ക് ഓഫീസ് കത്തിൽ ആവശ്യപെട്ടു.കോർപ്പറേഷൻ കൊല്ലം റീജയണൽ ഓഫീസിൽ ലഭിച്ച കത്ത് തൃശൂർ ഹെഡ്ഓഫീസിലേക്ക് അയച്ചിട്ടുണ്ടന്ന് കൊല്ലം റീജിയണൽ ഓഫീസ് അധികൃതർ പറഞ്ഞു.ഇനി ഹെഡോഫീസ് അധികൃതർ തീരുമാനിക്കും ഏനാത്ത് ഇ.എസ്.ഐ ആശുപത്രിക്ക് കെട്ടിടം വേണോ വേണ്ടയോ എന്ന്.സ്വന്തം കെട്ടിടം ഉണ്ടെങ്കിൽ ഹോസ്പിറ്റലായി ഉയർത്തി കിടത്തിചികിത്സ വരെ ആരംഭിക്കാൻ കഴിയും.

കടമ്പനാട് പ്രവർത്തിച്ചുവന്ന ഇ.എസ്.ഐ കുന്നത്തൂരിലേക്ക് മാറ്റാൻ തീരുമാനിച്ച സാഹചര്യത്തിൽ ഏനാത്ത് ഡിസ്പൻസറിക്ക് പുതിയകെട്ടിടവും മെച്ചപെട്ട ചികിത്സയും അത്യാവശ്യമാണ്.നിലവിൽ കൊല്ലത്തും എഴുകോണുമാണ് അടൂർ ഭാഗത്തുള്ളവർ കിടത്തി ചികിത്സാവശ്യങ്ങൾക്ക് പോകുന്നത്.

രതീഷ്

(പ്രദേശവാസി)​

-നിലവിലുള്ള കെട്ടിടത്തിന് മതിയായ സൗകര്യങ്ങളില്ല

-ഡിസ്പെൻസറി ഇപ്പോൾ പ്രവർത്തിക്കുന്ന 13000 രൂപ വാടകയ്ക്ക്

-പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത് 10 വർഷം മുൻപ്

-സ്വന്തമായി സ്ഥലമുള്ളപ്പോൾ ഇ.എസ്.ഐ കോർപ്പറേഷന് ഫണ്ടനുവദിക്കാം

-നിർമ്മാണം നീളുന്നതിൽ അധികൃതർക്ക് മറുപടിയില്ല