1000 തുണിസഞ്ചികൾ വിതരണം ചെയ്യും
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ സമ്പൂർണ ഹരിതചട്ടം പാലിക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് പമ്പാ നദിയിൽ ഉണ്ടായേക്കാവുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പാക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 1000 തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്യും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തിരുവല്ല സബ് കളക്ടറെ കോഓർഡിനേറ്ററായും, റാന്നി തഹസിൽദാരെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും ചുമതലപ്പെടുത്തി.
യോഗത്തിൽ രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം അലക്‌സ് പി.തോമസ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി തോമസുകുട്ടി, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് മാലേത്ത് സരളാദേവി, സെക്രട്ടറി എ.ആർ.വിക്രമൻ, വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ.ഫിലിപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.