തിരുവല്ല: പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് ഗ്രാമപഞ്ചായത്തുകളിലെ തോടുകളിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് മാറ്റുന്നതിനായി ഘട്ടംഘട്ടമായി വിവിധ പദ്ധതികൾക്ക് അനുമതി നൽകിയതായി ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അറിയിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ജലസേചനമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാപ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും എക്കലും കാരണം വേനൽക്കാലത്ത് പലഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നുകിടക്കുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞമാസം റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റായിരുന്ന ഈപ്പൻ കുര്യൻ ഇതുസംബന്ധിച്ച് ഇറിഗേഷൻ ചീഫ് എൻജിനിയർക്ക് കത്ത് നൽകി. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളതായും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ പഞ്ചായത്തുകളിലും തോടുകളുടെ എക്കൽ നീക്കം സംബന്ധിച്ച ലഭിച്ച വിവരങ്ങൾ ചുവടെ- .

പെരിങ്ങര ഗ്രാമപഞ്ചായത്ത്- സ്വാമിപാലം തോട് 3300 മീറ്റർ, വേങ്ങൽ തോട് -3200 മീറ്റർ, ശങ്കരാ പാടത്തിലേക്കുള്ള വാച്ചാലുകൾ (കല്ലേലി, ചുരത്തിൽ) -1400 മീറ്റർ, പാണങ്കേരി പാടത്തേക്കുള്ള വാച്ചാലുകൾ -2000 മീറ്റർ, പാണങ്കേരി പാടത്തേക്കുള്ള വാച്ചാലുകൾ -2000 മീറ്റർ, പായ്ക്കണ്ടം- കുമ്പുംമൂട്‌തോട് -1600 മീറ്റർ, മേപ്രാൽ വിളക്കുമരംതോട് - 2000 മീറ്റർ.

കടപ്ര ഗ്രാമപഞ്ചായത്ത്- പറയൻതോട് -2500 മീറ്റർ, ചേന്നംകേരി പാടത്തിന്റെ വാച്ചാലുകൾ (പാട്ടപ്പറമ്പിൽ തോട്) -1100 മീറ്റർ, കരിമാന്തറതോട് -1490 മീറ്റർ, കപ്പിയാരിശേരിതോട് -1200, ഒറ്റവേലിപ്പടിതോട് -400 മീറ്റർ, മുള്ളുവേലിപ്പടിതോട് -1200 മീറ്റർ.

നെടുമ്പ്രം ഗ്രാമപഞ്ചായത്ത്- മണിപ്പുഴതോട് -2300 മീറ്റർ, പരപ്പാത്തി പാടശേഖരത്തിലേക്കുള്ള വാച്ചാൽ - 550 മീറ്റർ.

നിരണം ഗ്രാമപഞ്ചായത്ത്- കൊമ്പങ്കേരിതോട് -1250 മീറ്റർ, നിരണത്തുതടം പാടത്തിന്റെ വാച്ചാലുകൾ (ഇരവനത്തുശേരിതോട്) -4500 മീറ്റർ, മുപ്പറത്തിൽപടിതോട് -800 മീറ്റർ.