കണ്ടതും കേട്ടതുമൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് ചിരിയുടെ മേമ്പൊടിയോടെ നാട്ടിൽ കഥ പറഞ്ഞു നടന്ന ഇ.വി.കൃഷ്ണപിളളയുടെ ചെറുതെങ്ങിലഴികത്ത് തറവാട് ആളും ബഹളവുമില്ലാതെ ശാന്തമാണ്. കുഞ്ചൻനമ്പ്യാർക്ക് ശേഷം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കഥാകാരൻ മറഞ്ഞിട്ട് എട്ട് പതിറ്റാണ്ടായെങ്കിലും തറവാട് കുടുംബാംഗങ്ങൾ പൊന്നുപോലെ കാത്തുപോരുന്നു. മന്ത്രിയായിരുന്ന എം.എ ബേബി ചെറുതെങ്ങിലഴികത്ത് തറവാട് സന്ദർശിച്ചപ്പോൾ അന്ന് സാംസ്കാരിക വകുപ്പിന് വിട്ടുതരുന്നോ എന്ന് എന്നു ചോദിച്ചിരുന്നു. തരില്ലെന്ന് കുടുംബാംഗങ്ങൾ ഒറ്റ മനസോടെ പറഞ്ഞു. സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത പല തറവാടുകളും മുടിഞ്ഞ കഥ അവർ ചൂണ്ടിക്കാട്ടി. ശൂരനാട് കുഞ്ഞൻപിളളയുടെ തറവാട് സാംസ്കാരിക വകുപ്പ് ഏറ്റെടുത്തിട്ട് എന്തായെന്ന ചോദ്യത്തിനു മുന്നിൽ മന്ത്രിക്ക് ഉത്തരമുണ്ടായില്ല. ചെറുതെങ്ങിലഴികത്ത് തറവാടിന് ഒരു പോറൽ പോലും ഏൽക്കാതെ ഇന്ന് സംരക്ഷിക്കുന്നത് ഒരു തമിഴ് കുടുംബമാണ്. പറമ്പിലെ റബർ ടാപ്പിംഗിന് വന്നയാളോട് കുടുംബവുമായി താമസിച്ചു കൊളളാൻ ഇ.വിയുടെ മക്കൾ ആവശ്യപ്പെടുകയായിരുന്നു.
400 വർഷത്തിന്റെ തലയെടുപ്പിൽ