02-kokkathodu
കടുത്ത വേനലിൽ കൊക്കാത്തോട് തോട്ടിലെ നീരൊഴുക്ക് പൂർണ്ണമായി നിലച്ചപ്പോൾ

കൊക്കാത്തോട്: വനാന്തരഗ്രാമമായ കൊക്കാത്തോട്ടിൽ ജലക്ഷാമം രൂക്ഷമായി. അച്ചൻകോവിലാറ്റിലെ നീരൊഴുക്കും കുറഞ്ഞു. കൊക്കാത്തോട്ടിലെ അപ്പൂപ്പൻതോട്, നീരാമക്കുളം, കോട്ടമ്പാറ, സ്‌കൂൾ മുരുപ്പ്, നെല്ലിക്കാപ്പാറ, വയക്കര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അരുവാപ്പുലം പഞ്ചായത്തിലെ 3, 4 വാർഡുകളിലുൾപ്പെട്ട പ്രദേശമാണിത്. കുടിവെള്ള വിതരണത്തിന് പൈപ്പ് ലൈനുകളില്ല. വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്ന് കുഴൽ കിണറുകൾ മാത്രമാണ് ആശ്രയം. ചെറിയ തൊടുകളും നീർച്ചാലുകളും നേരത്തെ വറ്റിവരണ്ടിരുന്നു. കൊക്കാത്തോട് തോട്ടിൽ നീരൊഴുക്ക് പൂർണ്ണമായും നിലച്ചു കോട്ടാമ്പാറ കോളനിയിൽ നിന്ന് ഉത്ഭവിച്ച് വയക്കര മൂഴിയിൽ വച്ച് അച്ചൻകോവിലാറ്റിൽ ചേരുന്ന തോടാണിത്. കുടിയേറ്റ കർഷകരുടെ പ്രതീക്ഷകൾ തകിടം മറിച്ച് കാർഷീക വിളകളും കരിഞ്ഞുണങ്ങുന്നു.. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും മറ്റും കൃഷിയിറക്കിയവർ പ്രതിസന്ധിയിലാണ്. വിളവെടുക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏത്തവാഴകൾ കരിഞ്ഞുണങ്ങിയും, ഒടിഞ്ഞു വീണും നശിക്കുന്നു. വനമേഖലയിലെ വൃക്ഷങ്ങൾ ഉണങ്ങി കാട്ടുതീയുടെ ഭീഷിണിയിലുമാണ്.