മലയാലപ്പുഴ: മലയാലപ്പുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.അമ്പലം ജംഗ്ഷൻ,താഴം,ചീങ്കൽത്തടം, മുക്കുഴി, പുതുക്കുളം, തോട്ടം, പൊതീപ്പാട്, കാഞ്ഞിരപ്പാറ,കോട്ടമുക്ക്,പാമ്പേറ്റ് മല,കിഴക്കുപുറം,ശങ്കരത്തിൽപ്പടി, ഈട്ടിമൂട്ടിൽപ്പടി ഭാഗം,കരിംകുറ്റി,പരുത്തിയാനി,വടക്കുപുറം,കുമ്പം പാറ മുരുപ്പ് വെട്ടൂർ, റേഡിയോജംഗ്ഷൻ തുടങ്ങിയ പഞ്ചായത്തിലെ എല്ലാ വാർഡ് പ്രദേശങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമായി.താല്കാലിക ആശ്വാസമായി ഈ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുവാൻ അടിയന്തര നടപടികൾ വേണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മലയാലപ്പുഴ ശുദ്ധജല പദ്ധതിയിൽ നിന്നും ശുദ്ധജലം ലഭിക്കുവാൻ ആഴ്ചകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.കടവുപുഴ ആറ്റിലെ ജലദൗർലഭ്യത,മോട്ടോർ തകരാറ്,നിലവിലുള്ള പൈപ്പുകളുടെ തകരാറ്,വാൽവ് ഓപ്പറേറ്റർമാർ പക്ഷപാതപരമായി പെരുമാറ്റം എന്നിവ മൂലം ഇപ്പോഴുള്ള പദ്ധതിയിൽ നിന്നും ശുദ്ധജലം ജനങ്ങൾക്ക് കിട്ടാക്കനിയാണ്.കിലോമീറ്ററുകൾ സഞ്ചരിച്ചും സ്വകാര്യടാങ്കറുകളിൽ നിന്നും പണം മുടക്കിയുമാണ് മലയാലപ്പുഴക്കാർ ശുദ്ധജല ആവശ്യം നിറവേറ്റുന്നത്.ദിവസവും നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്ര ദർശനത്തിന് എത്തുന്ന മലയാലപ്പുഴ ദേവീക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിലും ജലദൗർലഭ്യം മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്,റവന്യു,വാട്ടർ അതോറിറ്റി അധികൃതർക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അനിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്,ഇ.കെ സത്യവൃതൻ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, ദിലീപ് പൊതീപ്പാട്,കെ.ജി ബാലകൃഷ്ണൻ നായർ,അനി ഇലക്കുളം,നാസർ കിഴക്കുവീട്ടിൽ,ജോസ് വളളിയാനി,മാത്യു ഏബ്രഹാം,സാബു പുതുക്കുളം എന്നിവർ പ്രസംഗിച്ചു. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഏഴിന് മലയാലപ്പുഴയിൽ എത്തുന്ന ജനകീയ പ്രക്ഷോഭ ജ്വാലക്ക് സ്വീകരണം നല്കുന്നതിന് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.