ഇടയാറന്മുള : മത്സരിക്കാനല്ല ; പരസ്പരം സ്‌നേഹിക്കാനാണ് മാതാപിതാക്കൾ മക്കളെ പഠിപ്പിക്കേണ്ടതെന്ന് ആറന്മുള പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാർ പറഞ്ഞു. കേരളകൗമുദി ബോധപൗർണ്ണമി അമ്മ അറിയാൻ സെമിനാർ എസ്.എൻ.ഡി.പി യോഗം ഇടയാറന്മുള 69ാം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മക്കൾ പഠിച്ച് വലിയ ആളുകളായി സമ്പത്തുള്ളവരാകണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു. ഇതിനായി പരസ്പരം മത്സരിപ്പിക്കുന്നു. പക്ഷേ, സ്‌നേഹിക്കാൻ പഠിപ്പിക്കുന്നില്ല. അനുഭവങ്ങൾ പകർന്ന് നൽകുന്നില്ല. ഫലമോ യുവസമൂഹം സുഖഭോഗങ്ങളിൽ മുഴുകുന്നു. മനുഷത്വം നഷ്ടപ്പെട്ടവരായി വളരുന്നു. മക്കളെ ഗ്രൂപ്പ് ഡാൻസ് പഠിപ്പിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. മറ്റുള്ളവരോടൊപ്പം ചിട്ടവച്ച് പഠിപ്പിക്കണമെന്ന് സാരം. അനുകമ്പ ഉള്ളവരാകണം മക്കൾ. മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കണം, കുടുംബത്തിന്റെ ഐശ്വര്യം അമ്മമാരാണ്. സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ അമ്മമാർക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് ക്ലാസെടുത്തു. മുതിർന്നവരെ ആദരിക്കാൻ മക്കളെ പഠിപ്പിക്കണം. ഉത്തരവാദിത്വവും ചുമതല ബോധവും അവർക്ക് നൽകണം. കുട്ടികൾക്ക് മാതാപിതാക്കൾ മാതൃകയാകണം. സുരക്ഷിതത്വബോധം അവർക്ക് നൽകണം. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ അകറ്റി നിറുത്തണം. മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കണം. ഇത്തരം കാര്യങ്ങളിലൂടെ നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ശാഖാ പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖ പ്രസംഗവും എസ്.എൻ.ഡിപി. യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ മുഖ്യപ്രഭാഷണവും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ കെ. എം. ശിവാനന്ദൻ, വനിതാസംഘം സെക്രട്ടറി ഓമന മോഹനൻ, ശാഖാ സെക്രട്ടറി കെ.എൻ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.