ചിറ്റാർ: കാരികയത്ത് പത്തരയേക്കർ കോളനിക്ക് സമീപം വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി വാഴക്കൃഷി നശിപ്പിച്ചു. ശനിയാഴ്ച്ച പുലർച്ചെ 4ന് തൊട്ടടുത്ത പറമ്പിൽ ശബ്ദം കേട്ട് ഉണർന്ന കോളനിയിലെ താമസക്കാരാണ് ആനകളെ കണ്ടത്. കൂട്ടത്തോടെ എത്തിയ കാട്ടാനകൾ വളിപ്ലാക്കൽ സാംകുടിയുടെ കൃഷിയിടമാണ് നശിപ്പിച്ചത്. നാട്ടുകാർ പാട്ടകൊട്ടി ബഹളം വച്ചതിനെ തുടർന്ന് ആനകൾ തൊട്ടടുത്ത വനത്തിൽ മറഞ്ഞു. സ്ഥലത്ത് എത്തിയ വാർഡ് മെമ്പർ ടി.കെ സജി എത്തി വനപാലകരെ വിവരം അറിയിച്ചു. ഈ മേഖലയിൽ അവർ രാത്രിയിൽ എത്തി നിരീക്ഷണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്തു.അതേ സമയം കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങി വരുന്ന തെക്കേക്കര പ്ലാന്റേഷൻ ഭാഗത്ത് കിടങ്ങ് നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു.