തിരുവല്ല: പരുമല ആശുപത്രിക്ക് സമീപമുള്ള കടകൾ കുത്തിത്തുറന്ന് മോഷണം. കളർഹൗസ് പെയിന്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിലെ താഴുകൾ തകർത്താണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നത്. നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്‌ക്, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25000 രൂപ, ഒരു മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടു. മോഷ്ടാവ് കടയ്ക്കുള്ളിലേക്ക് കയറുന്ന ദൃശ്യങ്ങൾ സമീപത്തെ മറ്റൊരു കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെ രണ്ടിന് മുഖംമൂടി, കൈയ്യുറ എന്നിവ ധരിച്ച ഒരാൾ പെയിന്റ് കടയുടെ മുമ്പിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരെത്തി തെളിവെടുപ്പു നടത്തി. മാവേലി സ്റ്റോറിലെ താഴുകൾ മുറിച്ചു മോഷ്ടാവ് അകത്ത് കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് പരുമല മുത്താരമ്മൻ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. പുളിക്കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.