തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ പടയണി മഹോത്സവത്തിൽ ഇന്ന് രാത്രി 8.30ന് പൂപ്പട തുള്ളി മംഗളഭൈരവി കോലം കളത്തിലെത്തും. തെറ്റുകൾ ഏറ്റുപറയുന്ന മംഗളഭൈരവി കോലം തുള്ളി വന്ന് കളമൊഴിയുന്നതോടെ പടയണി ഉത്സവം സമാപിക്കും. ഇന്നലെ നടന്ന വലിയപടയണിയിൽ ഭൈരവി, കാലൻകോലം, അരക്കിയക്ഷി, അന്തരയക്ഷി, പക്ഷികോലം, മറുത കോലം എന്നിവ കാണാൻ തിരക്കായിരുന്നു. കുറ്റൂർ പ്രസന്നകുമാറാണ് ആചാര്യൻ. ഉണ്ണികൃഷ്ണൻ വാണല്ലൂർ, സുരേഷ് കുമാർ ഗീതാഞ്ജലി എന്നിവർ നേതൃത്വം നൽകി.