പത്തനംതിട്ട : കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാനായി ജില്ലയിൽ ആരംഭിച്ച കാവൽ പദ്ധതി പ്രകാരം 112 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 12 കേസുകൾ കുറ്റവാളികളുടെ പ്രായം 18 പിന്നിട്ടതിനാൽ മറ്റു കോടതികളിലേക്ക് മാറ്റി. ബാക്കി നൂറ് കേസുകൾ ഇപ്പോൾ നിലവിലുണ്ട്. മോഷണം, പോക്സോ, ലഹരി മരുന്ന് കച്ചവടം തുടങ്ങിയ കേസുകളാണ് കുട്ടികളുടെ പേരിൽ ഉള്ളത്. മോഷണ കേസുകളാണ് കൂടുതലും. ആൺകുട്ടികളാണ് കേസുകളിലധികവും ഉള്ളത്. കാവൽ പദ്ധതിയിൽ നിലവിലുള്ള നൂറ് കേസുകളിൽ 98 എണ്ണത്തിൽ ആൺകുട്ടികളും രണ്ടെണ്ണത്തിൽ പെൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലാണ് കാവൽ പദ്ധതി.

കുട്ടികൾ ഉൾപ്പെട്ട കേസുകൾ

>മോഷണമാണ് കുട്ടികളിൽ കുടുതൽ കാണുന്ന കുറ്റകൃത്യം.

> അതിർത്തി തർക്കത്തിലും അയൽവഴക്കുകളിലും കുട്ടികൾ ഇരയാകാറുണ്ട്. കുട്ടിയുടെ മേൽ ചമയ്ക്കപ്പെട്ട കേസുകളുമുണ്ട്.

>മുതിർന്നവർ തമ്മിലുള്ള പകയിൽ ചിലപ്പോൾ കുട്ടികൾ അകപ്പെട്ട് പോകുന്നു.

>പോക്സോ കേസുകളിലധികവും സ്നേഹബന്ധങ്ങൾ വഴിയാണ് ഉണ്ടാകുക.

> മുതിർന്നവരുമായുള്ള കൂട്ടുകെട്ടുകൾ കുട്ടികളെ ലഹരി ഉപയോഗത്തിലേക്കും വില്പനയിലേക്കും എത്തിക്കുന്നു.

കുട്ടികൾക്ക് കാവലായി

സാഹചര്യങ്ങൾക്കൊണ്ടും മറ്റ് കാരണങ്ങൾക്കൊണ്ടുമാണ് കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് എത്തിപ്പെടാറുള്ളത്. കാവൽ പദ്ധതിയിൽ കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കൗൺസലിംഗും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാനും അല്ലാത്തവർക്ക് തുല്യതാ പരീക്ഷ എഴുതാനും അവസരം നൽകുന്നു. മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകും. കുട്ടികൾ മാത്രമല്ല ചില കേസുകളിൽ മാതാപിതാക്കളും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവസ്ഥയാണുള്ളത്. ചിലരെ റീഹാബിലിറ്റേഷൻ സെന്ററിലും ഒബ്സർവേഷൻ ഹോമിലും അയക്കാറുണ്ട്. കുട്ടികളുടെ അവകാശങ്ങളെ ഹനിക്കാതിരിക്കാനുള്ള നടപടികളാണ് കാവൽ പദ്ധതി കൊണ്ട് ഉദേശിക്കുന്നത്. പദ്ധതിയ്ക്കാവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നത് ബാംഗ്ളൂർ ആസ്ഥാനമായ നിംഹാൻസ് ആണ്.

കാവൽ പദ്ധതി

രജിസ്റ്റർ ചെയ്ത കേസുകൾ: 112

നിലവിലുള്ള കേസുകൾ : 100

പോക്സോ കേസുകൾ

ജില്ലയിൽ : 270

കാവൽ പദ്ധതിയിലൂടെ: 19

(ഇതിൽ 15എണ്ണം പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെട്ട കേസുകളാണ്.)

പ്രധാന കുറ്റകൃത്യങ്ങൾ :

മോഷണം, പോക്സോ, ലഹരി മരുന്ന് കച്ചവടം

സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് പലകുട്ടികളും കുറ്റവാളികളായി മാറുന്നത്. കുട്ടികളിലെ കുറ്റവാസനകളെ മുതിർന്നവർ തിരുത്തണം.

അഡ്വ.അജിത

ലീഗൽ പ്രൊബഷൻ ഒാഫീസർ