പത്തനംതിട്ട: പ്രവാസികളെ ദ്രോഹിക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര സർക്കാരിനു വേണ്ടി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രസ്താവനയിൽ അറിയിച്ചു. പ്രവാസികൾക്ക് വരുമാന നികുതി ഏർപ്പെടുത്തുവാനും ഇൻഡ്യയിൽ താമസിക്കാവുന്ന പരമാവധി കാലയളവ് വർഷത്തിൽ 182 ദിവസം എന്നത് 120 ആയി കുറയ്ക്കുവാനുമുള്ള ബഡ്ജറ്റ് പ്രഖ്യാപനം പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. പ്രവാസികളുടെ വരുമാനത്തിന് നികുതി ഏർപ്പെടുത്തുവാനുള്ള ബഡ്ജറ്റ് നിർദ്ദേശം കേരളീയരടക്കമുള്ള പ്രവാസി ഇൻഡ്യക്കാരെ ദോഷകരമായി ബാധിക്കും.വിദേശ ഇൻഡ്യക്കാർ കേരളത്തിലേക്ക് ഉൾപ്പെടെ അയക്കുന്ന പണത്തിന്റെ ലഭ്യത ഗണ്യമായി കുറയ്ക്കുവാൻ കാരണമാകും.ആഗോള സാമ്പത്തിക മാന്ദ്യം, സ്വകാര്യവൽക്കരണം, ഊർജ്ജിത നിതാഖത്ത് എന്നിവ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങി എത്തിയിട്ടുള്ള പ്രവാസികൾക്ക് ജോലി നല്കുന്നതിനോ,വായ്പാ,പെൻഷൻ, പുനരധിവാസ പദ്ധതികൾ നടപ്പാക്കുന്നതിനോ യാതൊരു പദ്ധതികളും ബഡ്ജറ്റിൽ ഇല്ല. കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി ദ്രോഹപ്രഖ്യാപനങ്ങൾക്കും അവഗണനയ്ക്കുമെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സാമുവൽ കിഴക്കുപുറം അറിയിച്ചു.