റാന്നി :തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും സമിതി അംഗങ്ങളും റാന്നി താലൂക്ക് വികസന സമിതിയോഗം ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.സുരേഷ്,ശശികല രാജശേഖരൻ,റോസമ്മ സ്‌കറിയ, സമിതിയംഗങ്ങളായ ആലിച്ചൻ ആറൊന്നിൽ,തോമസ് അലക്‌സ്,സജി ഇടിക്കുള,ബിനു തെന്നിയിൽ എന്നിവരടക്കമാണ് ഇറങ്ങിപ്പോയത്. തീരുമാനങ്ങൾ നടപ്പാക്കുമെന്ന് ജില്ലാ കളക്ടറോ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോ ഉറപ്പുനൽകാതെ ഇനി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അവർ പറഞ്ഞു.ശനിയാഴ്ച രാവിലെയാണ് യോഗം നടന്നത്.
വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയെന്ന പുതുശേരിമല സ്വദേശിയുടെ പരാതിയിൽ നടപടിയെടുക്കണമെന്ന് കഴിഞ്ഞ രണ്ട് വികസന സമിതികളിലും തീരുമാനിച്ചിരുന്നു.
ശനിയാഴ്ച പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ യോഗം തുടങ്ങിയപ്പോൾ സി.പി.എം.ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ് ഈ വിഷയം യോഗത്തിൽ ഉന്നയിച്ചു.കഴിഞ്ഞ മാസത്തെ യോഗത്തിൽ ഇതിന് വിശദീകരണം നൽകുന്നതിനായി പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നു.പൊലീസ്,വില്ലേജ് ഓഫീസർ,പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കാൻ അന്ന് യോഗം നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ റിപ്പോർട്ട് ഹാജരാക്കിയെങ്കിലും ഇത് പ്രഹസനമാണെന്ന് സമിതിയംഗങ്ങൾ ആരോപിച്ചു.പുറമ്പോക്ക് ഭൂമിയിലൂടെയുള്ള വഴി തുറന്നുകൊടുക്കാത്തത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അവർ പറഞ്ഞു.സംഭവത്തെപ്പറ്റി അന്വേഷണം വേണമെന്ന് സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.തീരുമാനമെടുക്കുന്നില്ലെങ്കിൽ യോഗം ചേരുന്നതിൽ അർത്ഥമില്ലെന്നായിരുന്നു സമിതിയംഗങ്ങളുടെ കൂട്ടായ തീരുമാനം.പരാതി കിട്ടി വൈകാതെ സ്ഥലത്തെത്തി വഴി തുറന്നുകൊടുത്ത ശേഷമാണ് മടങ്ങിയതെന്ന് ഡെപ്യൂട്ടി തഹസിൽദാർ അജി കുമാർ പറഞ്ഞു. എന്നാൽ സമീപ ഭൂമിയുടെ ഉടമ വീണ്ടും വഴിഅടച്ചെന്ന് വീണ്ടും സമിതിക്ക് പരാതി ലഭിച്ചു.ഇത് അന്വേഷണത്തിനായി പൊലീസിന് നൽകിയെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് സമിതിയുടെ ആരോപണം.