മൂന്നാർ: ബസിനെ മറികടക്കുന്നതിനിടെ ബൈക്ക് കാറിലിടിച്ച് ബസിന്റെ പിൻചക്രങ്ങൾക്കിടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബൈക്കോടിച്ച തമിഴ്നാട് ബോഡി മെട്ട്സ്വ ദേശി മുരുകന്റെ മകൻ പ്രവീണാണ് (25) മരിച്ചത്. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന ചെണ്ടുവര എസ്റ്റേറ്റിൽ ലോവർ ഡിവിഷനിൽ ആറുമുറി ലയത്തിൽ മോഹൻരാജിന്റെ മകൻ വിജയകുമാറിന് (23) പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനും ഹെഡ്‌വർക്സിനുമിടയിലായിരുന്നു അപകടം. ബൈക്കിൽ മൂന്നാറിലേക്ക് വരികയായിരുന്നു പ്രവീണും വിജയകുമാറും. ഇതിനിടെ മുന്നിൽ പോയ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറിൽ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ബസിനടിയിലേക്ക് വീണ പ്രവീണിന്റെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. മുന്നാറിലെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ച ശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അടിമാലിയിലെ വർക്‌ഷോപ്പ് തൊഴിലാളിയായിരുന്നു പ്രവീൺ.