കോട്ടയം : ഹൃദയം നുറുങ്ങുന്ന വേദനയോടെ തിരുവാതുക്കൽ ഒത്തുചേർന്നു. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് യാത്രാമൊഴിയേകാൻ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജീവിതവഴിയിൽ ഒറ്റയ്ക്കായ പ്രവീൺ ഏവരുടെയും നൊമ്പരമായി. കാളികാവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ അഞ്ചു പേരുടെ സംസ്‌കാരച്ചടങ്ങാണ് നാടിനെ കണ്ണീരിൽ മുക്കിയത്. തിരുവാതുക്കൽ ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ(40), മകൻ അർജുൻ(അമ്പാടി -19), പ്രഭയുടെ അമ്മ തിരുവാതുക്കൽ ആൽത്തറയിൽ ഉഷ തോമസ് (58) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ വീടിനു സമീപത്തെ പുരയിടത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിച്ച മൃതദേഹങ്ങൾ, 12 ഓടെ വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌കരിച്ചു.
ഇന്നലെ രാവിലെ മുതൽ നൂറു കണക്കിന് നാട്ടുകാരാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനായി എത്തിച്ച മൈതാനത്തേയ്‌ക്ക് ഒഴുകിയെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിൽ നിന്ന് നാട്ടുകാരും, ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം അഞ്ച് ആംബുലൻസുകളിലായാണ് തിരുവാതുക്കലിൽ എത്തിച്ചത്. പൊതുദർശന സ്ഥലത്തേയ്‌ക്കു എത്തുന്നതിനിടെ ഉഷ തോമസിന്റെ മൃതദേഹം ഇവരുടെ തറവാടായ തിരുവാതുക്കൽ ആൽത്തറ വീട്ടിൽ അല്പനേരം പൊതുദർശനത്തിനു വച്ചു. ആദ്യം പ്രഭയുടെ മൃതദേഹമാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിലേയ്‌ക്ക് എത്തിച്ചത്.
തളംകെട്ടി നിന്ന കണ്ണുകൾ വിങ്ങലുകളായി അലയടച്ചു. മൃതദേഹങ്ങൾ എത്തിച്ച് അല്പ സമയത്തിനകം പ്രവീണിനെയും, സഹോദരിയെയും പന്തലിലേയ്‌ക്ക് എത്തിച്ചു. മകൻ അർജുനിന്റെ മൃതദേഹം കണ്ട് അലമുറയിട്ട് കരഞ്ഞ പ്രവീണിനെ സമാധാനിപ്പിക്കാൻ നാട്ടുകാർ നന്നേപാടുപെട്ടു.
സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ജില്ലാ കളക്ടർ പി.കെ.സുധീർബാബു, എം.എൽ.എമാരായ അഡ്വ.കെ സുരേഷ്‌കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, തോമസ് ചാഴികാടൻ എം.പി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആർ.സോന, അഡ്വ.വി ബി ബിനു, അഡ്വ.ടോമി കല്ലാനി എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അനുശോചനയോഗവുമായി നാട്
അപകടത്തിൽ മരിച്ച കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേർന്ന് നാട്. ഇന്നലെ ഉച്ചവരെ തിരുവാതുക്കലിലെ വ്യാപാരികൾ കടകൾ അടച്ചിട്ടു. എസ്.എൻ.ഡി.പി യോഗം 31 -ാം നമ്പർ വേളൂർ ശാഖയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. പി.എ രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, നഗരസഭ അംഗങ്ങളായ എം.പി സന്തോഷ്‌കുമാർ, സി.എൻ സത്യനേശൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ എന്നിവർ പങ്കെടുത്തു.