പത്തനംതിട്ട : പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് കുറയുന്നതായി പരാതി. ആകെ അഞ്ച് സർവീസാണ് ചെങ്ങന്നൂരിലേക്കുള്ളത്. ഇത് വെട്ടി ചുരുക്കിയിരിക്കുകയാണിപ്പോൾ. രാവിലെ 6ന് ആരംഭിക്കുന്ന സർവീസ് പിന്നീട് മാറ്റുകയാണ് പതിവ്. ഷെഡ്യൂളിൽ പത്തനംതിട്ട -ചെങ്ങന്നൂർ ആണെങ്കിലും അതിന് ശേഷം റൂട്ട് മാറ്റുന്നുണ്ട്. ചെങ്ങന്നൂരിലെത്തുന്ന ബസ് ചിലപ്പോൾ പന്തളം, വെൺമണി പോലെയുള്ള റൂട്ടിലേക്ക് മാറ്റും.ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. അതും വല്ലപ്പോഴും മാത്രം. ഒരുമാസമായി ഇതുതന്നെയാണ് സ്ഥിതി.ചെങ്ങന്നൂർ - പത്തനംതിട്ട സർവീസും ഇതേ അവസ്ഥയിലാണ്. ചെങ്ങന്നൂർ നിന്നും അഞ്ച് സർവീസുകളാണ് പത്തനംതിട്ടയിലേക്കുള്ളത്.ഇപ്പോൾ ഒറ്റ സർവീസ് മാത്രമേ പോകുന്നുള്ളു.
വരുമാനമുള്ള റൂട്ട്
കൃത്യമായി പോകുന്നുണ്ടെങ്കിലും നല്ല വരുമാനം ലഭിക്കുന്ന റൂട്ടായിരുന്നു ചെങ്ങന്നൂർ പത്തനംതിട്ട. ദിവസവും 10000 രൂപ വരെ ലഭിക്കുന്ന സർവീസാണിത്.സ്വകാര്യ ബസുകാരെ സഹായിക്കാനാണ് ഇത്തരത്തിലുള്ള നടപടിയെന്ന് ജീവനക്കാർ ആരോപിക്കുന്നു.നിരവധി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടാണിത്.ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൽ,ബസ് സ്റ്റാൻന്റ് എന്നിവിടങ്ങളിൽ നിരവധി യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി നോക്കി നിന്ന് വലയുന്നത്. മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഏറ്റവും നല്ല വരുമാനം കിട്ടുന്ന സർവീസാണ് അധികൃതർ വെട്ടിക്കുറച്ചിരിക്കുന്നത്.വരുമാനം കുറവും ജീവനക്കാരുടെ ക്ഷാമവുമാണ് കാരണമെന്ന് അധികൃതർ പറയുന്നു.
"പത്ത് മിനിറ്റ് ഇടവിട്ട് സ്വകാര്യ ബസുണ്ട്.കെ.എസ്.ആർ.ടി.സി കുറവാണ്.മത്സരയോട്ടമാണ് ഇവിടെ കൂടുതലും. ഇപ്പോൾ സ്വകാര്യ ബസുകളാണ് ഇവിടെ സർവീസ് നടത്തുന്നത് ഏറെയും. കോളേജുകളും സ്കൂളുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളും എല്ലാമുള്ള സ്ഥലമാണ് ഇവ രണ്ടും. "
ജി.രാജേഷ്
(സ്ഥിരം യാത്രക്കാരൻ)
-ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയ്ക്ക് 5 സർവീസുകൾ
-ഇപ്പോഴുള്ളത് ഒരു സർവീസ്
-ദിവസവും 10000 രൂപ വരെ വരുമാനം