കൊക്കാത്തോട്: കോന്നി കൊക്കാത്തോട് റോഡിലെ ഒരേക്കർ മുതൽ കോട്ടാമ്പാറ വരെയുള്ള ഭാഗങ്ങൾ പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതിൽ ഒരേക്കർ മുതൽ മുതൽ കൊക്കാത്തോട് എസ്.എൻ.ഡി.പി ജംഗ്ഷൻ വരെയുള്ള 7 കിലോമീറ്റർ ഭാഗങ്ങൾ പി.ഡബ്ല്യു.ഡി.റോഡും,ബാക്കി കൊട്ടാമ്പാറ വരെയുള്ള 5 കിലോമീറ്റർ ഭാഗങ്ങൾ പഞ്ചായത്ത് റോഡുമാണ്.അരുവാപ്പുലം പഞ്ചായത്തിലെ 3,4 വാർഡുകളിലുൾപ്പെടുന്ന കൊക്കാത്തോട്ടിലെ കാട്ടാമ്പാറ,നീരാമക്കുളം, അപ്പൂപ്പൻതോട്, നെല്ലിക്കാപ്പാറ,വയക്കര,സ്‌കൂൾ മുരുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.കാട്ടാത്തി ആദിവാസി കോളനിയിലെ കുടുംബങ്ങളും ദിവസവും യാത്ര ചെയ്യുന്ന റോഡാണിത്.കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. പൊട്ടിപൊളിഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്നതും പതിവാണ്. തകർന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.