1

തെങ്ങമം : നാട്ടുകാരുടെ കൂട്ടായ്മയിൽ ഇരുപതോളം കുടുംബങ്ങൾക്ക് പുതിയ റോഡായി. തെങ്ങമം കൊല്ലായ്കൽ ജംഗ്ഷന് കിഴക്കുവശമുള്ള പാക്കുതറ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ യാത്രാദുരിതം മൂലം ബുദ്ധിമുട്ടുകയായിരുന്നു.പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം ഇരുപതാം വാർഡിലാണ് ഇവിടം. വഴിക്കായി പലശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ രാഷ്ട്രീയം മാറ്റിവച്ച് പ്രദേശത്തെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും ജനപ്രതിനിധിളുടെയും നേതൃത്വത്തിൽ കൊല്ലായ്കലിൽ നിന്ന് പാക്കുതറ വഴി പൗർണമി ജംഗ്ഷനിലെത്തും വിധം റോഡ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. റോഡ് നിർമ്മാണത്തിനും മെയിൻറോഡരികിലുള്ള വസ്തു വിലക്കുവാങ്ങുന്നതിനും 6 ലക്ഷത്തോളംരൂപ എല്ലാവരുംകൂടി പിരിച്ചെടുത്തു. വാർഡ് മെമ്പർ ആര്യാദിൻരാജ്, ബ്ളോക്ക് പഞ്ചായത്തംഗം വിമൽകൈതക്കൽ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വാഴുവേലിൽരാധാകൃഷ്ണൻ, സി പി എം ഏരിയാകമ്മിറ്റിഅംഗം സി ആർ ദിൻരാജ്, സി പി ഐ മണ്ഡലം കമ്മിറ്റിഅംഗം എം മധു എന്നിവർ നേതൃത്വം നൽകി. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ബ്ളോക്ക് പഞ്ചായത്തംഗം വിമൽ കൈതക്കൽ 14 ലക്ഷം രൂപ അനുവദിച്ചിരുന്നു.