ambikadevi

പത്തനംതിട്ട: മൃഗ സംരക്ഷണ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥ തലത്തിൽ ജില്ലയ്ക്ക് മൂന്ന് അവാർഡുകൾ. സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടറായി അവാർഡിന് അർഹയായ ഡോ. ജി അംബികാദേവി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ്. മികച്ച ഫാം ഓഫീസറായി നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് ജേക്കബും മികച്ച ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി നിരണം വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എസ്.ബിജുവും അവാർഡിന് അർഹരായി.
മൃഗസംരക്ഷണ മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മിഷൻ നന്ദിനി പദ്ധതി, തെരുവുനായ നിയന്ത്രണത്തിനായി ജില്ലയിൽ നടപ്പാക്കിയ എ.ബി.സി പദ്ധതി, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോ. ജി അംബികാദേവി അവാർഡിന് അർഹയായത്. പക്ഷിപ്പനി , പ്രളയം തുടങ്ങിയ പ്രശ്‌നകാലങ്ങളിൽ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലിലൂടെ ഫാമിന്റെ പുനരുദ്ധാരണവും നവീകരണവും സാദ്ധ്യമാക്കി. കുട്ടനാടൻ തനത് താറാവുകളുടെ സംരക്ഷണം ഉറപ്പാക്കി ഡക്ക് ഹാച്ചറി, ഡക്ക് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർമ്മാണ മേൽനോട്ടം എന്നിവ പരിഗണിച്ചാണ് അവാർഡിന് നിരണം ഡക്ക് ഫാം അസി. ഡയറക്ടർ ഡോ. തോമസ് ജേക്കബ് അർഹനായത്.
പ്രളയകാലത്തെ മികച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ, കന്നുകാലി സെൻസസ് പ്രവർത്തനം, സാംക്രമിക രോഗ നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് നിരണം വെറ്ററിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ എസ്.ബിജു അവാർഡിന് അർഹനായത്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കും.