പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ കൊറോണ ഐസൊലേഷൻ വാർ‌ഡിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയ്ക്ക് വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയോടൊപ്പം യാത്ര ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയാണിത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വിദ്യാർത്ഥിനി വീട്ടിൽ നിരീക്ഷണത്തിൽ ആയിരിക്കും. വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ നിരീക്ഷണത്തിൽ : 64 പേർ.

സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചവർ: 3

ഐസൊലേഷൻ വാർഡിൽ : 1

കൊറോണ രോഗനിയന്ത്രണം:
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക് പരിശീലനം നൽകി

പത്തനംതിട്ട : കൊറോണ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിഷ്യൻമാർ, മെഡിക്കൽ സൂപ്രണ്ടുമാർ, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിലെ നേഴ്‌സുമാർ എന്നിവർക്ക് ജില്ലാ മെഡിക്കൻ ഓഫീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. എ.ഡി.എം അലക്‌സ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ, ജില്ലാ പ്രോഗാം മാനേജർ ഡോ. സുഷൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി.എസ് നന്ദിനി, ഐ.എം.എ പ്രതിനിധി ഡോ. തോമസ് മാത്യു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
വൈറസിന്റെ വ്യാപനരീതി, രോഗലക്ഷണങ്ങൾ, ആശുപത്രികളിൽ സ്വീകരിക്കേണ്ട പ്രതിരോധ ചികിത്സാ മാർഗങ്ങൾ, റിപ്പോർട്ട് ചെയ്യേണ്ട രീതി തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുകയും അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. 65 അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പ്രൈവറ്റ് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു. എല്ലാ വിഭാഗം ആരോഗ്യ ജീവനക്കാർക്കും കൊറോണ വൈറസ് രോഗബാധയെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും പരിശീലനം നൽകാനും തീരുമാനമായി.