കോന്നി : കാലിലെ വേദനമൂലം എഴുന്നേറ്റുനിൽക്കാൻ കഴിയാതെ കിടപ്പിലായപ്പോൾ, ശരീരത്ത് വ്രണങ്ങൾ പൊട്ടി ആനത്താവളത്തിലെ കുട്ടിക്കൊമ്പൻ ഗുരുതരാവസ്ഥയിൽ. വനം മന്ത്രി കെ.രാജുവിന്റെയും കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെയും നിർദ്ദേശ പ്രകാരം ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ.ഈശ്വർ, ഡോ.പി.അജിത് എന്നിവരുൾപെടുന്ന സംഘം ഒരുമാസം മുമ്പ് വിദഗ്ദ്ധ ചികിത്സ തുടങ്ങിയിരുന്നെങ്കിലും കുട്ടിക്കൊമ്പന്റെ നില ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്.
ഇടുപ്പെല്ല് ഭാഗത്തെ കുഴ തെറ്റിയാണ് ഇടതുകാൽമുട്ടിന് വേദന തുടങ്ങിയത്. ഈ കാലിന് ബലം കൊടുക്കാതെ നിന്നതോടെ മറുകാലിനും വേദന തുടങ്ങി വീണുപോകുകയായിരുന്നു. യന്ത്ര സഹായത്തോടെ ബെൽറ്റിട്ട് എഴുന്നേപ്പിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും കിടപ്പിലായി. ബെൽറ്റിട്ട ഭാഗത്താണ് തൊലിപൊട്ടി വ്രണങ്ങൾ രൂപപ്പെട്ടത്. വയറിന്റെ ഒരു വശം നീളത്തിൽ മുറിഞ്ഞ നിലയിലാണ്. കിടക്കുന്നതിനാൽ അടിഭാഗത്തെ തൊലി പൊട്ടുമ്പോൾ മരുന്നു പുരട്ടി തിരിച്ച് കിടത്തും. എന്നാൽ പിഞ്ചുവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അധികൃതരുടെ വിശദീകരണം. തീറ്റയും വെള്ളവും ആവശ്യാനുസരണം കഴിക്കുന്നുണ്ട്.
ഹെർപ്പിസ് വൈറസിനെ അതിജീവിച്ച് പിഞ്ചു വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നത് അടുത്തിടെയാണ്. സാധാരണ ആനകളെ അപേക്ഷിച്ച് ഇടതുകാലിൽ രണ്ട് നഖങ്ങൾ അധികമാണ് പിഞ്ചുവിന്. ഇത് മൂലം നടക്കുമ്പോൾ ഇടതുകാലിന് വേദനയും നീരും ഉണ്ടാകുന്നുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കാലിന്റെ കുഴ തെറ്റിയതാണ് പിഞ്ചുവിന്റെ വീഴ്ചയ്ക്ക് കാരണമെന്നാണ് പുതിയ കണ്ടെത്തൽ. ടെലി വെറ്റിനറി ടെലി യൂണിറ്റ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചികിത്സ. ചെറിയ കുളം നിർമ്മിച്ച് ജല ചികിത്സയും നടത്തിയിരുന്നു.
മൂന്നരവയസുകാരനായ പിഞ്ചു 2016ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്ന് കൂട്ടം തെറ്റിയാണ് വനംവകുപ്പിന് ലഭിച്ചത്. 2017ൽ പിഞ്ചുവിന് ഹെർപിസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയും വനംവകുപ്പിന്റെ മികച്ച ചികിത്സയും സംരക്ഷണവും കൊണ്ട് രക്ഷപെടുകയുമായിരുന്നു.