കോഴഞ്ചേരി: മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ഭാഗവത ഗ്രാമാചാര്യൻ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ യുവ വിജ്ഞാന സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അലസതയും എ‌ടത്തുചാട്ടവുമാണ് മനു്ഷ്യനുളള രണ്ട് ദോഷങ്ങൾ. ഇതു കാരണം അവനവന്റെ ഉളളിലുളള കഴിവുകളെ കണ്ടെത്താൻ കഴിയില്ല. ഒരോരുത്തരുടെയും സൃഷ്ടികൾ വ്യത്യസ്തമാകുന്നതു പോലെയാണ് കഴിവുകളും. പാഠപുസ്തകങ്ങളിൽ നിന്ന് കഴിവിന്റെയും ശക്തിയുടെയും സ്രോതസുകൾ വികസിപ്പിക്കാനാവില്ല.

ഒാരോ കാര്യങ്ങളും നാളെയാകട്ടെ എന്ന് നീട്ടിവയ്ക്കുന്ന സ്വഭാവം മനു്ഷ്യരിലെ കഴിവിനെ നശിപ്പിക്കും. വരുംവരായ്കകൾ നോക്കാതെയുളള എടുത്തുചാട്ടം കുട്ടികളെ തീവ്രവാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുമെന്ന് ഉദിത് ചൈതന്യ പറഞ്ഞു

ഉണർവിന്റെ പാഠങ്ങൾ എന്ന വിഷയത്തിൽ ഹൃദയവിദ്യാ ഫൗണ്ടേഷൻ പരമാചാര്യൻ വിദ്യാസാഗർ ഗുരുമൂർത്തി, മതവിജ്ഞാനം യൗവ്വന പൂരണത്തിന് എന്ന വിഷയത്തിൽ വ്യാസ സിവിൽ സർവീസ് അക്കാജമി മാനേജിംഗ് ഡയറക്ടർ ജയസൂര്യൻ പാല എന്നിവർ പ്രഭാഷണം നടത്തി.