അടൂർ : സ്വകാര്യബസ് ലോബിയെ സഹായിക്കാനായി സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തി നഷ്ടത്തിന്റെ പട്ടികയിൽ പ്പെടുത്തി നിറുത്തലാക്കിയ അടൂർ - ഉദയഗിരി സൂപ്പർ ഫാസ്റ്റ് സർവ്വീസ് പുനരാരംഭിക്കാൻ ഡി. വൈ. എഫ്. ഐ ജനകീയ കാമ്പയിനുമായി രംഗത്ത്. സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ 18 ന് ഡി.ടി.ഒയെ ഡി.വൈ.എഫ്. ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ ഉറപ്പ് പാലിക്കാത്തതിനാൽ ജനുവരി 24ന് ഡി.ടി.ഒയെ വീണ്ടും തടഞ്ഞു. ഇൗ സമയം ഡി.ടി.ഒ തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചിട്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകർ ആക്രമിച്ചു എന്നുകാട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ ഡി. ടി. ഒ ഭിത്തിയിൽ സ്വയം തലയിടിക്കുന്ന രംഗം പ്രവർത്തകർ മൊബൈലിൽ ചിത്രീകരിച്ച് പൊലീസിന് മുന്നിൽ ഹാജരാക്കി.
ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന് വിശദ റിപ്പോർട്ട് സമർപ്പിക്കുകയും 8 ന് മന്ത്രിയെ നേരിട്ട് കണ്ട് യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താനുമാണ് പ്രവർത്തകർ ശ്രമിക്കുന്നത്. കൂടാതെ സർവ്വീസ് നിറുത്തലാക്കുന്നതിന് ഉദ്യോഗസ്ഥ ലോബി നടത്തിയ തിരക്കഥ വരും ദിവസങ്ങളിൽ തെരുവ് നാടകരൂപത്തിൽ അവതരിപ്പിച്ച് ജനകീയ ശ്രദ്ധ കൈവരിക്കാനും നീക്കമുണ്ട്. ഡി. വൈ. എഫ്. ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ഉദയഗിരി മേഖലയിലും പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള നീക്കവും ആരംഭിച്ചു.
സർവ്വീസ് നിറുത്തലാക്കിയതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണ്. സ്വകാര്യ ദീർഘദൂര സർവ്വീസുകളെ സഹായിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കകയാണ്. യാഥാർത്ഥ്യം എന്തെന്ന് മന്ത്രിയെ കണക്കുകൾ നിരത്തി ബോദ്ധ്യപ്പെടുത്തും.ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല.
അനസ് മുഹമ്മദ്,
ഡി. വൈ. എഫ്. ഐ
അടൂർ ഏരിയാ പ്രസിഡന്റ്.