മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് ഗതാഗത ക്രമീകരണ സമിതി യോഗം ചേർന്ന് ടൗണിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് പരമാവധി രണ്ടുമണിക്കൂറായി നിജപ്പെടുത്തി. സ്ഥിരമായി പകൽമുഴുവൻ പാർക്ക് ചെയ്യുന്ന വാഹനങ്ങൾനിരീക്ഷിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും നടപടികൾ സ്വീകരിക്കും. സ്വകാര്യ ബസ് സ്റ്റാൻഡിൽ പത്ത് മിനിറ്റിലധികം തമ്പടിക്കുന്ന ബസുകളുടെമേൽ നിയമ നടപടി സ്വീകരിക്കാൻ ജോയിന്റ് ആർ.ടി.ഒ യെ ചുമതലപ്പെടുത്തി. നിലവിൽ ഹോം ഗാർഡിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ വ്യാപാരികളുടെ സഹകരണത്തോടെ ട്രാഫിക് വാർഡൻമാരെ നിയമിക്കുന്നതിന് വ്യാപാരി വ്യവസായികളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. പഴയ സി.ഐ ഓഫീസ് കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെടാനും തീരുമാനിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വിദ്യാർത്ഥികൾ അപകടകരമായ രീതിയിലും നിയമങ്ങൾ ലംഘിച്ചും വാഹനങ്ങൾ ഓടിക്കുന്നത് മോട്ടോർ വാഹന വകുപ്പും പൊലീസും നിരീക്ഷിച്ച് നടപടിയെടുക്കും. മല്ലപ്പള്ളി പാലത്തിന്റെ നടപ്പാതയുടെ തകരാർ പരിഹരിക്കുന്നതിനും, മാഞ്ഞുപോയ സീബ്രാലൈനുകൾ മാർക്ക് ചെയ്യുന്നതിനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ഫുട്പാത്ത് വ്യാപാരവും നടപ്പാതകൾ കൈയേറി വ്യാപാരസ്ഥാപനങ്ങളുടെ ബോർഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇവ സ്വമേധയാ നീക്കം ചെയ്യണമെന്നും നിയമലംഘനം തുടർന്നാൽ വിവിധ വകുപ്പുകൾ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.
ഓട്ടോറിക്ഷകളുടെ പാർക്കിംഗ് പരിഷ്കരിക്കും
ആനിക്കാട് റോഡിലെ ഓട്ടോറിക്ഷകളുടെ പാർക്കിംഗ് ശാസ്ത്രീയമായി പരിഷ്‌ക്കരിക്കുന്നതിന് ഓട്ടോറിക്ഷ തൊഴിലാളികളുമായി സമിതി ചർച്ചചെയ്യു. ബസുകളും ഭാരവാഹനങ്ങളും അലക്ഷ്യമായി ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായ സാഹചര്യത്തിൽ നടപടി കർശനമാക്കും. ടൗണിലെ ഓട്ടോറിക്ഷകൾക്ക് പഞ്ചായത്ത് നമ്പറുകൾ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതപെടുത്താൻ ആർ.ടി.ഒയെ ചുമതലപ്പെടുത്തി. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. കൺവീനർ ജോയിന്റ് ആർ.ടി.ഒ നിഷ കെ മണി, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിത് ആൻഡ്രൂസ്, വില്ലേജ് ഓഫീസർ ജി. രശ്മി, എസ്.ഐ ജേക്കബ് ജോർജ്ജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥൻ എം.എസ്.ശ്രീജേഷ് എന്നിവർ പങ്കെടുത്തു.