അടൂർ : പത്ത് നാൾ നീണ്ടുനിന്ന പാർത്ഥസാരഥിയുടെ തിരുനടയിലെ ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. കൊടിയേറിയ നാൾ മുതൽ നഗരം ഉത്സവ ലഹരിയിലാണ്. കഴിഞ്ഞ ദിവസം നടന്ന സൂര്യനാരായണ പൊങ്കാലയിലും നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ഇന്നലെ നടന്ന പള്ളിവേട്ട എഴുന്നള്ളത്തും ഭക്തിസാന്ദ്രമായി. രാത്രിയിൽ നടന്ന ശ്രീഭൂതബലി എഴുന്നള്ളത്തിന് ശേഷമാണ് സെൻട്രൽ മൈതാനിയിലെ അരയാൽത്തറയിലേക്ക് പള്ളിവേട്ട പുറപ്പെട്ടത്.ഗജവീരൻ പള്ളിക്കൽ ശ്രീക്കുട്ടൻ തിടമ്പേറി. ഒപ്പം മറ്റ് രണ്ട് ആനകൾ ഇടതും വലതുമായി അകമ്പടിയേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട എഴുന്നള്ളത്ത് പള്ളിവേട്ട കഴിഞ്ഞ് അർദ്ധരാത്രിയോടെയാണ് തിരികെ ക്ഷേത്രത്തിലെത്തിയത്. ആറാട്ട് ഉത്സവമായ ഇന്ന് ഉച്ചയ്ക്ക് 1ന് അന്നദാനം, ഉച്ചയ്ക്ക് 2 മുതൽ സ്പെഷ്യൽ പഞ്ചാരിമേളം, വൈകിട്ട് 4ന് കൊടിയിറക്ക്,തുടർന്ന് ചേന്ദംപള്ളി കൊറ്റംകോട്ട് കുളത്തിലേക്ക് ആറാട്ട് എഴുന്നെള്ളത്ത് നഗരംചുറ്റി ചുറപ്പെടും. വൈകിട്ട് 5 മുതൽ ഒാട്ടൻതുള്ളൽ,രാത്രി 8ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്,രാത്രി 9.30ന് കൊച്ചിൻ സ്റ്റാർവേവ്സിന്റെ ഗാനമേള.