അടൂർ : ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെപദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന ചിൽഡ്രൻസ് തിയേറ്ററിന്റെ ഭാഗമായുള്ള കുട്ടികളുടെ കലാജാഥ നാളെ ഉച്ചയ്ക്ക് 2 ന് അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽസമാപിക്കും.പള്ളിക്കൽ ഡിവിഷനിലെ വിവിധ സ്കൂളുകളിൽ കലാജാഥയ്ക്ക് സ്വീകരണം നൽകി. കഴിഞ്ഞദിവസംഅടൂർ ഗാന്ധി സ്മൃതി മൈതാനിയിലും പരിപാടി നടത്തി. ജില്ലാ പഞ്ചായത്തംഗം ടി. മരുകേഷാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. .വിവിധ നാടകങ്ങളിലൂടെയാണ് കുട്ടികൾ കാണികളുടെ മനംകവരുന്നത്.

മഹാത്മജിയുടെ ജീവിതത്തിലൂടെ ഓട്ടപ്രദക്ഷിണമാണ്. ആദ്യ നാടകം. വൈക്കം മുഹമ്മദ് ബഷീറിന്റെ കണ്ണിലൂടെ ചരിത്രത്തിന്റെയും മിത്തുകളുടെയും ഇടനാഴികളിലൂടെ റാന്തലിന്റെ വെളിച്ചത്തിൽ നമ്മെ കൂട്ടിക്കൊണ്ടുപോയി രണ്ടാമത്തെ നാടകം ശ്രദ്ധകവരുന്നു. ക്രൗഞ്ചമിഥുനങ്ങളെ എയ്തു വീഴ്ത്തിയ വേടനും കൃഷ്ണനും രാധയും സ്വാമി വിവേകാനന്ദനും ശ്രീബുദ്ധനും വീരപഴശ്ശിയും വാസ്ക്കോഡ ഗാമയും പ്രണയ പരവശരായ ഷാജഹാനും മുംതാസും പിന്നെ ത്സാൻസി റാണിയും കുഞ്ഞാലി മരയ്ക്കാറുമെല്ലാം അരങ്ങിലെത്തുന്നുണ്ട്. പാട്ടിന്റെയും നൃത്തത്തിന്റെയും ചടുലതാളത്തിന്റെയും അകമ്പടിയിൽ ഒാരോ ഫ്രെയ്മുകളിലായി നാൽപ്പത്തിരണ്ടോളം കുട്ടികൾ രണ്ടു മണിക്കൂർ നേരം കാണികളെ വിസ്മയത്തേരിലേറ്റും.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോർത്തിണക്കി രൂപം നൽകിയ നാടകം മനോജ് നാരായണനാണ് സംവിധാനം ചെയ്തത്.