കണ്ണൂർ: 'മാതൃഭൂമി' ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച ബംഗ്ലാദേശ് കൊള്ളസംഘത്തിലെ മുഖ്യപ്രതി മുഹമ്മദ് ഇല്യാസ് ഷിക്കാരി(32)യെ കണ്ണൂരിലെത്തിച്ച് റിമാൻഡ് ചെയ്തു. ഇല്യാസ് പിടിയിലായതോടെ കണ്ണൂരിലെ കവർച്ചാ സംഭവത്തിൽ നേരത്തെ മൂന്നു പേർ അറസ്റ്റിലായിരുന്നു. കണ്ണൂർ ടൗൺ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിക്കാരിയെ കണ്ണൂരിലെത്തിച്ചത്.
ബംഗ്ലാദേശ് ബാഗർഹട്ട് ജില്ലയിലെ മൊറേൽ ഗഞ്ചിന് സമീപം ചൽത്താബുനിയ സ്വദേശിയാണ് ഇല്യാസ് ഷിക്കാരി. ബംഗ്ലാദേശ് അതിർത്തിയിലെ ബാഗർഹട്ടിൽ വച്ചാണ് ഇയാൾ കഴിഞ്ഞ ദിവസം കൊൽക്കത്ത ഇമിഗ്രേഷൻ വിംഗിന്റെ പിടിയിലായത്. ഇതിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ഹിലാൽ ജാമ്യത്തിൽ പോയി. ഇയാൾ എവിടെയാണെന്ന് പൊലീസിന് നിശ്ചയമില്ല. മറ്റൊരാളായ മണിക്ക്‌ സാദർ കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് കൈയാമത്തോടെ രക്ഷപ്പെട്ടെങ്കിലും പിറ്റേദിവസം പിടിയിലായി. മൂന്നാമത്തെ പ്രതിയായ അലംഗീർ എന്ന റഫീഖ് ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്.

കാലിലും വിലങ്ങ്

കൈകളിൽ മാത്രമല്ല, കാലിലും വിലങ്ങിട്ടാണ് കൊടും ക്രിമിനലായ ഇല്യാസ് ഷിക്കാരിയെ കണ്ണൂരിലെത്തിച്ചത്.
2018 സെപ്തംബർ 6നാണ് കണ്ണൂർ സിറ്റിക്ക് സമീപമുള്ള വാടക വീട്ടിൽ വിനോദ് ചന്ദ്രനും ഭാര്യയും ആക്രമിക്കപ്പെട്ടത്. അർദ്ധരാത്രിക്ക് ശേഷം വാതിൽ തകർത്ത് അകത്ത് കടന്ന പ്രതികൾ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം 60 പവൻ സ്വർണവും പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു.