വെണ്ണിക്കുളം: മല്ലപ്പള്ളി - കോഴഞ്ചേരി റൂട്ടിൽ മത്സരയോട്ടം പതിവാക്കി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും. നിരവധി വളവുകൾ നിറഞ്ഞ റോഡാണിത്. റോഡിന്റെ ശോചനീയാവസ്ഥ കൂടി ആയപ്പോൾ അപകടവും പതിവാകുന്നു. നിറയെ കുഴി നിറഞ്ഞ റോഡിൽ ഏറ്റവും വേഗതയിലാണ് ബസുകൾ ചീറിപ്പായുന്നത്. ഇതിന്റെ പേരിൽ ബസ് ജീവനക്കാർ തമ്മിൽ വാക്കുതർക്കവും കൈയേറ്റവും സ്റ്റാൻഡ‌ിൽ പതിവാണ്.ചില ബസുകൾ ആളുണ്ടെങ്കിലും ബസ് സ്റ്റോപ്പിൽ നിറുത്താറില്ല. മുമ്പിലെത്താനുള്ള തിടുക്കമാണ് ഇൗക്കൂട്ടർക്ക്. യാത്രക്കാരോട് മോശമായി പെരുമാറാനും ജീവനക്കാർക്ക് മടിയില്ല.പ്രായമുള്ളവർ കൈകാണിച്ചാൽ പോലും നിറുത്താത്ത ബസുകൾ ഉണ്ട്. ഇറങ്ങാൻ താമസിച്ചാലും ഇവർ വഴക്കുണ്ടാക്കും.

സ്കൂളുകളും കോളേജുകളും അരികെ: അപകടങ്ങളും പതിവ്

കഴിഞ്ഞ ദിവസം പുല്ലാട് ചാലുവാതിൽക്കൽ നിറുത്തിയിട്ട സ്വകാര്യ ബസിനെ മറികടന്ന കെ.എസ്.ആർ.ടി.സി സ്വകാര്യ ബസിൽ ഇടിച്ച് നിന്നു. ഇരു ബസിലും യാത്രക്കാർ ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റു. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് ഈ റൂട്ടിൽ ദിവസവും. നിരവധി കോളേജുകളും സ്കൂളുകളുമുള്ള സ്ഥലമാണിത്. അമിത വേഗതയിലെത്തുന്ന ബസ് സ്കൂളുകൾ അടുത്തുണ്ടെന്നൊന്നും ഒാർക്കാറില്ല. റോഡ് നിർമ്മാണത്തിന്റെ കലുങ്ക് നിർമ്മാണവും സംരക്ഷണഭിത്തിയും ഈ ആഴ്ചതന്നെ തുടങ്ങും. ഇപ്പോൾ റോഡിനിരുവശവും വൃത്തിയാക്കുകയാണ്. ഇതിനിടയിലാണ് ബസുകളുടെ മരണപാച്ചിൽ.പൊടിശല്യം കാരണം ബസിലെ ജീവനക്കാരടക്കം മാസ്ക് ധരിച്ചാണ് യാത്ര ചെയ്യുന്നത്.

"കൃത്യസമയത്ത് ബസ് എടുക്കാത്തതും സമയത്തിന് മിനിറ്റുകൾക്ക് മുമ്പ് ബസ് എടുക്കുമ്പോഴുമാണ് മത്സരയോട്ടത്തിലേക്ക് എത്തുന്നത്. കോഴഞ്ചേരിയിൽ നിന്ന് അഞ്ച് മിനിറ്റുകൊണ്ട് എത്തേണ്ട സ്ഥലത്ത് പത്തും പതിനഞ്ചും മിനിറ്റ് സമയമെടുത്ത് ഇഴഞ്ഞു നീങ്ങിയാണ് പോകുന്നത്.പിറകിൽ അടുത്ത ബസ് എത്തുമ്പോൾ വേഗത കൂട്ടും. പിന്നീട് മത്സരം ആകും.

കെ.സി ഷാജി

(സ്ഥിരം യാത്രക്കാരൻ)

"റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. ഇപ്പോൾ കലുങ്കും സംരക്ഷണ ഭിത്തിയും കെട്ടാനുള്ള ശ്രമമാണ്.രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കും."

(കൊല്ലം ദേശിയ പാത അധികൃതർ)

"മത്സരയോട്ടം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരോട് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.വേഗത്തിൽ നടപടിയെടുക്കും."

ആർ.രമണൻ

(പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)

-എത്തേണ്ട സ്ഥലത്ത് എത്താൻ പതിവായി വൈകുന്നു

-ചെറിയ ദൂരം എത്തുന്നത് 10ഉം-15 ഉം മിനിറ്റ് സമയമെടുത്ത്