തണ്ണിത്തോട്: കോലിഞ്ചി കൃഷിക്ക് രണ്ടുണ്ട് മെച്ചം. ചെലവ് കുറവാണ്. ലാഭം മെച്ചവും. പക്ഷേ ഇത്തവണ കാര്യങ്ങൾ മാറി. കോലിഞ്ചിക്ക് വേണ്ടത്ര പ്രിയമില്ല.
മലയോര മേഖലയിലാണ് കൃഷി വ്യാപകം. വന്യമൃഗങ്ങൾ നശിപ്പിക്കില്ലെന്നതാണ് പ്രധാന നേട്ടം. കൃഷിക്ക് വലിയ മുടക്കുമില്ല. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ വില ലഭിച്ചിരുന്നു. ഇത്തവണ വിലയിടിവ് മൂലം വാങ്ങാൻ കച്ചവടക്കാർ തയ്യാറാകുന്നില്ല. ഏകീകൃതമായ വില നിർണയമോ, വിപണന സംവിധാനമോ ഇല്ലന്നെതാണ് കർഷകരുടെ പരാതി.
ഇഞ്ചി വർഗത്തിൽപ്പെട്ട കാട്ടുചെടിയായ കോലിഞ്ചി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലാണ്. രാജ്യാന്തര വിപണിയിൽ മികച്ച വിലയുണ്ടങ്കിലും കർഷകർക്ക് കൃത്യമായ വില ലഭിക്കാറില്ല. ഔഷധ നിർമ്മാണത്തിനും, സുഗന്ധതൈല നിർമ്മാണത്തിനും, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുമാണ് കോലിഞ്ചി പ്രധാനമായും ഉപയോഗിക്കുന്നത്. ചെറുകിട കച്ചവടക്കാർ മുഖേന വൻതോതിൽ ശേഖരിക്കുന്ന കോലിഞ്ചി കയറ്റുമതി ചെയ്താണ് ഇടനിലക്കാർ ലാഭം കൊയ്യുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്താണ് വിളവെടുപ്പ്. ചിലവ് കുറഞ്ഞ കൃഷിയാണെങ്കിലും കിളച്ച് ഉണങ്ങി പാകപ്പെടുത്തി വിൽപ്പനയ്ക്ക് എത്തിക്കുന്നതിന് അദ്ധ്വാനം ഏറം വേണം. . കിളച്ചെടുത്ത ശേഷം വേര് നീക്കി പുറത്തെ തൊലി നീക്കം ചെയ്ത് 10 ദിവസം വെയിലിലുണങ്ങിയാണ് വിൽപ്പനയ്ക്ക് തയ്യാറാക്കുന്നത്. കൊക്കാത്തോട്, തണ്ണിത്തോട്, മണ്ണീറ, മേടപ്പാറ, തേക്കുതോട്, എലിമുള്ളം പ്ലാക്കൽ, കൂത്താടി മൺ, ഏഴാന്തല, കരുമാൻതോട്, പൂച്ചക്കുളം, മൂർത്തിമൺ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വ്യാപകമായ രീതിയിൽ കോലിഞ്ചി കൃഷി ചെയ്യുന്നു. ഇടനിലക്കാർ മുഖേന കൊച്ചിയിലെത്തുന്ന കോലിഞ്ചി പ്രധാനമായും വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
-------------------
കോലിഞ്ചിയുടെ ഗുണങ്ങൾ
സന്ധിവാതത്തിന് പ്രതിവിധി
ഹൃദയാരോഗ്യത്തിന് ഉത്തമം
രക്ത പ്രവാഹം കൂട്ടും
കാൻസറിനെ തടയും
ദഹനത്തിന് നല്ലത്
കൊളസ്ട്രോളിനെ തടയും
പ്രതിരോധശേഷി കൂട്ടും