ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കോഴിക്കൂടുകൾ നിർമ്മിച്ചു നൽകി. കൃഷിയും കോഴിവളർത്തലുമായി ഉപജീവനം നടത്തുന്ന കർഷകർക്കും വീട്ടമ്മമാർക്കും കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക കണ്ടെത്തുന്നത്. കൂടൊന്നിന് ഒരുലക്ഷം രൂപ വീതം ചെലവിട്ടാണ് കോഴിക്കൂടുകൾ നിർമ്മിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി ആറ് കോഴികൂടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ശേഷിക്കുന്നവയുടെ പണി പൂർത്തിയായി കൊണ്ടിരിക്കുകയാണ്. പത്തോളം തൊഴിലാളികൾ 28 തൊഴിൽ ദിനങ്ങൾ ചെലവിട്ടാണ് ഓരോ കൂടും നിർമ്മിക്കുന്നത്.തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം പുറത്ത് നിന്നുള്ള തൊഴിലാളികളെയും നിർമ്മാണ ജോലികൾക്കായി ഉപയോഗിക്കുന്നു.150സ്​ക്വയർ ഫീറ്റ് വീതിയിലാണ് കൂട്.40മുതൽ 50വരെ കോഴികളെ കൂടുകളിൽ വളർത്താം.ചെങ്ങന്നൂർ ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഷാജിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.