കോഴഞ്ചേരി: ജീവദായിനിയായ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്. ഇന്നലെ നടന്ന പരിസ്ഥിതി സമ്മേളനത്തിൽ തണ്ണീർത്തടങ്ങളും നെൽവയലുകളും ജലസ്രോതസുകളും സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. വനമുത്തശി ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി മലിനീകരണമാണ് മിക്ക രോഗങ്ങളുടെയും അടിസ്ഥാന കാരണമെന്ന് കാരണമെന്ന് അവർ അഭിപ്രായപ്പെട്ടു. ഭൂമിയോട് ബന്ധപ്പെട്ട ജീവിത രീതി ഇല്ലാത്തതും രോഗകാരണമാണ്. വനവാസി കേന്ദ്രങ്ങൾ വന്യമൃഗ ഭീഷണിയിലാണ്.പമ്പ ഉൾപ്പെടെയുള്ള നദികളെ രക്ഷിക്കുന്നതിനുള്ള നടപടികൾക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് അവർ അഭിപ്രായപ്പെട്ടു.ബയോഡൈവേഴ്‌സ് ബോർഡ് മുൻ ചെയർമാൻ ഡോ.വി.എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന വികസനമാണ് സർക്കാരുകൾ നടപ്പാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ 74 ശതമാനം സ്വത്തുക്കളും ഒരു ശതമാനം ആളുകൾ കൈവശം വെച്ചിരിക്കുന്നു.കേരളത്തിൽ തണ്ണീർതടങ്ങളും നെൽവയലുകളും ദിനംപ്രതി നശിപ്പിക്കുകയാണ്.അടിസ്ഥാന വികസനത്തിൽ പരോഗതി ഇല്ല. പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണ്. പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് സർക്കാർ നടപ്പാക്കേണ്ടതെന്ന് വി. എസ്.വിജയൻ പറഞ്ഞു.അന്തർ ദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ട്ടർ ഡോ.കെ.ജി.പത്മകുമാർ,മുൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഡോ.എൻ.സി.ഇന്ദുചൂഡൻ,ഉടുപ്പി ധർമ്മ ഫൗണ്ടേഷൻ ചെയർമാൻ എൻ.ഗിരീഷ് എന്നിവർ പരിസ്ഥിതി സംബന്ധമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്ര ഭാഷണം നടത്തി.എം.അയ്യപ്പൻ കുട്ടി സ്വാഗതവും എം .എസ് .രവീന്ദ്രൻ നായർ നന്ദിയും പറഞ്ഞു.