കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിന് കാര്യക്ഷമമായ നടപടികളെടുക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അഡ്വ.കെ. യൂ. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പത്തനംതിട്ട നഗര കുടിവെള്ള പദ്ധതിയിൽ പ്രമാടം ഗ്രാമ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തും. . പ്രമാടം വിതരണ ശൃംഖലയുടെ രൂപകല്പനയും ഡിസൈനിങ്ങും ഉടൻ പൂർത്തിയാക്കും.
മൈലപ്ര, മലയാലപ്പുഴ, പഞ്ചായത്തുകൾ പൂർണമായും, പത്തനംതിട്ട നഗരസഭ ഭാഗികമായും ഉൾപ്പെടുത്തി പുതിയ പദ്ധതി രൂപീകരിക്കും. ഇതിനായി വിശദമായ എൻജിനീയറിംഗ് റിപ്പോർട്ട് ഉടൻ തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഈ പദ്ധതി നടപ്പിലാകുന്നതോടെ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.
ഏനാദിമംഗലം, കലഞ്ഞൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ പദ്ധതി രൂപീകരിക്കാൻ ആവശ്യമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് സർവേ നടത്താൻ പി.പി.ഡി വിഭാഗത്തെ ചുമതലപ്പെടുത്തി. കോന്നി, അരുവാപ്പുലം പഞ്ചായത്തുകളും, കലഞ്ഞൂർ പഞ്ചായത്ത് ഭാഗികമായും ഉൾപ്പെടുത്തി പുതിയ പദ്ധതി തയ്യാറാക്കും.
കോന്നി മെഡിക്കൽ കോളേജ് പദ്ധതിയിൽ നിന്ന് അരുവാപ്പുലം പഞ്ചായത്തിലെ 1,2,14,15 വാർഡുകളിൽ വിതരണ ശൃംഖല സ്ഥാപിക്കും. വിശദ എൻജിനീയറിംഗ് റിപ്പോർട്ട് തയ്യാറാക്കാനുള്ള സർവേ ജോലികൾ കരാർ നൽകും.
ചിറ്റാർ തണ്ണിത്തോട് പദ്ധതിയിൽ എല്ലാ വീടുകളിലും കണക്ഷൻ എത്തിച്ചു വിപുലീകരിക്കും.
സീതത്തോട് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് നബാർഡിന്റെ ധനസഹായത്തോടെ 120 കോടി രൂപയുടെ ഭരണാനുമതി നൽകി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതിരുന്ന പദ്ധതികൾ ഉൾപ്പടെ രണ്ടാം ഘട്ടത്തിൽ പ്രവർത്തികൾ മൂന്ന് പാക്കേജുകളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ജലവിഭവകുപ്പ് അണ്ടർ സെക്രട്ടറി സിനി സാബു , ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ശ്രീകുമാർ, സൂപ്രണ്ടിങ് എൻജിനീയർ മധു, പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ മനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നിസാർ, പ്രൊജ്ര്രക് എൻജിനീയർമാരായ സബിത, അൻസിൽ, അസിസ്റ്റന്റ് എൻജിനീയർമാരായ പ്രസാദ്, ദിലീപ്, സുരാജ് എന്നിവർ പങ്കെടുത്തു
-------------------
സീതത്തോട് നിലയ്ക്കൽ കുടിവെള്ള
പദ്ധതിയുടെ രണ്ടാംഘട്ടത്തിന്
120 കോടിയുടെ ഭരണാനുമതി
ചിറ്റാർ തണ്ണിത്തോട് പദ്ധതിയിൽ എല്ലാ വീടുകളിലും എല്ലാ വീടുകളിലും കണക്ഷൻ നൽകും
പത്തനംതിട്ട നഗര കുടിവെള്ള പദ്ധതിയിൽ പ്രമാടവും ഉൾപ്പെടുത്തും