തിരുവല്ല: താലൂക്കിലെ വിവിധ സപ്ലൈകോ സ്‌റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല. സ്ഥിരമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചിരുന്നവർ ഇതുകാരണം പൊതുവിപണിയിലെ വിലകൂടിയ ഭക്ഷ്യസാധനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.സബ്‌സിഡി ഇനങ്ങളായ കുത്തരി, മൈദ,സൂചിഗോതമ്പ്, നിലക്കടല, വെളുത്തുള്ളി എന്നിവയ്ക്കും മുളക്,വെളിച്ചെണ്ണ, കടല, വൻപയർ എന്നിവയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിനുള്ള സപ്ലൈകോയുടെ കരാർ വൈകുന്നതും കരാർ ലഭിച്ച കമ്പനികൾ യഥാസമയം സാധനങ്ങൾ എത്തിക്കാത്തതുമാണ് സപ്ലൈകോ സ്‌റ്റോറുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നത്.കാർഡ് ഒന്നിന് അഞ്ചുകിലോ അരിയും ഒരുകിലോ പഞ്ചസാരയും ഉൾപ്പെടെ ലഭിക്കുമെന്നതിനാൽ സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്നു സബ്‌സിഡി ഇനങ്ങൾ.

പാക്കിംഗ് തൊഴിലാളികളും ദുരിതത്തിൽ

സാധനങ്ങൾ ആവശ്യത്തിന് ലഭിക്കാത്തതിനാൽ സപ്ലൈകോയിലെ ദിവസവേതന, പാക്കിംഗ് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്. കച്ചവടം കുറവായതിനാൽ പല തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയാണ്. പാക്കിംഗ് തൊഴിലാളികൾക്ക് സാധനം ചെലവാകുന്നത് പ്രകാരമാണ് കൂലി. ഒരു പാക്കിന് ഒരു രൂപ നാല് പൈസയാണ് കൂലിയായി ലഭിക്കുക. ഇപ്പോൾ സാധങ്ങൾ കുറവായതിനാൽ ഇവർക്ക് പാക്കിംഗ് ജോലി കുറവാണ്. ദിവസവേതനക്കാർക്ക് 500 രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുക. ഒന്നര മാസത്തോളമായി സാധനങ്ങളുടെ ലഭ്യത കുറയാൻ തുടങ്ങിയിട്ടെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള സംവിധാനം മുമ്പ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ കൊച്ചിയിലെ ഹെഡ് ഓഫീസിന്റെ നിയന്ത്രണത്തിൽ മാത്രമാണ് സാധനങ്ങൾ എത്തിക്കുന്നത്.

പാക്കിംഗ് തൊഴിലാളികളിൽ സാധന ചെലവാകുന്നതനുസരിച്ച് കൂലി

- ദിവസ വേതനക്കാർക്ക് 500 രൂപ

ഒന്നര മാസമായി സാധനങ്ങൾക്ക് ക്ഷാമമാണ്

(ജീവനക്കാർ)

കുത്തരി, മൈദ,സൂചിഗോതമ്പ്, നിലക്കടല, വെളുത്തുള്ളി എന്നിവയ്ക്കും മുളക്,വെളിച്ചെണ്ണ, കടല, വൻപയർ എന്നിവയ്ക്കും ക്ഷാമം