പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 70 പേർ. ഇവരിൽ 69 പേരും വീടുകളിലാണ്. ഒരാൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ പരിശോധനയ്ക്ക് അയച്ച നാലു സാമ്പിളുകളുകളിലും കൊറോണ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചു. വുഹാനിൽ നിന്ന് എത്തിയ നാലുപേരുടെ സാമ്പിളുകളാണ് പരിശോനയ്ക്ക് അയച്ചിരുന്നത്.
കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ അടിയന്തര യോഗം ചേർന്നു.
ചൈനയിൽ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ള 70 പേരും. ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമായി രണ്ട് ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വാർഡുകൾ ആവശ്യമാണെങ്കിൽ ജില്ലാ ആശുപത്രിയിലെ കാൻസർ സൊസൈറ്റിയുടെ പേ വാർഡുകൾ ഏറ്റെടുക്കും. ജില്ലയിലെ മൂന്നു മെഡിക്കൽ കോളേജുകളിലും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കും. ജില്ലയിൽ മരുന്നുകളും ട്രിപ്പിൾ ലെയർ മാസ്‌ക്കുകളും ആവശ്യത്തിനുണ്ട്. രണ്ട് ആംബുലൻസുകൾ സജ്ജമാണ്. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടേത് ഏറ്റെടുക്കും.
വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തുക ഉപയോഗിച്ച് സഹായം ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇവർ ആശുപത്രികളിൽ ചികിത്സ തേടാവൂ. നിരീക്ഷണത്തിലുള്ളവർ പൊതു പരിപാടികളിലോ ആളുകൾ കൂടുന്ന ഇടങ്ങളിലോ പങ്കെടുക്കരുത്.
നിരീക്ഷണത്തിൽ പെടാത്തവരുണ്ടെങ്കിൽ കുടുംബശ്രീ, അങ്കണവാടി ജീവനക്കാരും ആശ പ്രവർത്തകരും ഇവരെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിനെ സഹായിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം.
>>
ജില്ലാ പഞ്ചായത്ത് സഹായം നൽകും
ജില്ലാ പഞ്ചായത്ത് എല്ലാ സഹായങ്ങളും നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു. വാർഡ് തലം മുതൽ ജില്ലാതലം വരെയുള്ള ഉദ്യോഗസ്ഥർക്ക് ബോധവത്കരണവും പരിശീലനവും നൽകും. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പരിശീലനം നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. എല്ലാ സ്‌കൂളുകളിലും ബോധവത്കരണ പ്രദർശനം നടത്തിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
നിരീക്ഷണത്തിലുള്ള വ്യക്തികളുടെ വീടുകളിലുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമായിട്ടുള്ളവർ 28 ദിവസത്തേക്ക് വീടുകളിൽ തന്നെ കഴിയണം.
എ.ഡി.എം അലക്‌സ് പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, അടൂർ ആർ.ഡി.ഒ പി.ടി.എബ്രഹാം, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ. ഫിലിപ്പ്, ഡി.എം.ഒ ഡോ.എ.എൽ ഷീജ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. എബി സുഷൻ, ഡി.എസ്.ഒ: ഡോ.ഡോ. സി.എസ് നന്ദിനി തുടങ്ങിയവർ പങ്കെടുത്തു.