കോന്നി: രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് പ്രവാസിക്ക് മുന്നറിയിപ്പില്ലാതെ ജപ്തി നോട്ടീസ് ലഭിച്ചു. തണ്ണിത്തോട് കരികണ്ടത്തിൽ പൊന്നച്ചൻ വർഗീസിനാണ് ഡെപ്യൂട്ടി തഹസീൽദാർ (ആർ.ആർ) ജപ്തി നോട്ടീസ് നൽകിയത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കോന്നി രജിസ്ട്രാർ ജില്ലാ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് 1,80,000 രൂപ പിഴ അടച്ചില്ലെന്നു കാട്ടി റവന്യൂ റിക്കവറി വിഭാഗത്തിന് റിപ്പോർട്ട് നൽകിയത്.
തണ്ണിത്തോട് വില്ലേജിൽപ്പെട്ട മൂന്ന് ആർ സെന്റ് സ്ഥലം പിണ​റ്റുംമൂട്ടിൽ മറിയാമ്മയിൽ നിന്ന് 2017 ജൂലായിൽ പൊന്നച്ചൻ വാങ്ങിയിരുന്നു. സെന്റിന് 18,000 രൂപ താരിഫ് വിലവച്ചും, വസ്തുവിലെ പഴയ വീടിന് 50,000 രൂപ വിലവച്ചുമാണ് ആധാരം രജിസ്​റ്റർ ചെയ്തത്. അന്ന് ഇവിടെ താരിഫ് വില 10,800 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടര വർഷത്തിനു ശേഷം മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെയാണ് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. ഈ നോട്ടീസിൽ ഭൂമിയ്ക്ക് വില കുറച്ചുകാട്ടിയതായോ, മ​റ്റ് എന്തെങ്കിലും കാരണമോ കാട്ടിയിട്ടില്ല. ഇതേ കുറിച്ച് തഹസീൽദാർ, രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർ ഓഫീസുകളിൽ അന്വേഷണം നടത്തിയെങ്കിലും ഇവിടങ്ങളിൽ നിന്ന് കാരണം പറയാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. വിദേശത്തുള്ള പൊന്നച്ചൻ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.